സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ —ഹല്ലേലുയ്യാ പാടി

സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ —ഹല്ലേലുയ്യാ പാടിസ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ!

സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാ-

നധിപനായ് വന്ന ദൈവകുഞ്ഞാടിനെ (സ്തുതിപ്പിന്‍..)

                                          1

കരുണനിറഞ്ഞ കണ്ണുള്ളോനവന്‍ — തന്‍ ജനത്തിന്‍ കരച്ചില്‍

കരളലിഞ്ഞു കേള്‍ക്കും കാതുള്ളോന്‍—ലോകപാപച്ചുമടിനെ

ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു

കുരിശെടുത്തു ഗോല്‍—ഗോഥാവില്‍ പോയോനെ (സ്തുതിപ്പിന്‍..)

                                          2

വഴിയും സത്യവും ജീവനും അവനെ—അവനരികില്‍ വരുവിന്‍

വഴിയുമാശ്വാസമേകുമേയവന്‍ — പാപച്ചുമടൊഴിച്ചവന്‍

മഴയും മഞ്ഞും പെയ്യും‌പൊലുള്ളില്‍ കൃപ

പൊഴിയുമേ മേഘത്തൂണില്‍നിന്നു പാടി (സ്തുതിപ്പിന്‍..)

                                          3

മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍—ഭൂമി രാജാക്കന്മാരെ

ഭരിച്ചു വാഴുമേക നായകന്‍ — നമ്മെ സ്നേഹിച്ചവന്‍ തിരു-

ച്ചോരയില്‍ കഴുകി—നമ്മളെയെല്ലാം ശുദ്ധീ-

കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു (സ്തുതിപ്പിന്‍..)

                                          4

ഏഴു പൊന്‍ നിലവിളക്കുകള്‍ക്കുകളുള്ളില്‍ — നിലയങ്കി ധരിച്ചും

ഏഴു നക്ഷത്രം വലങ്കയ്യിലും മാര്‍വ്വില്‍ പൊന്‍കച്ച പൂണ്ടും

വായിലിരുമുന-വാളുമഗ്നി ജ്വാല

പോലെ കണ്ണുള്ള മാനവ മകനെ (സ്തുതിപ്പിന്‍..)

                                          5

കാലുകളുലയില്‍ കാച്ചിപ്പഴുപ്പിച്ച — നല്ല പിച്ചളയ്ക്കൊത്തതും

ചേലൊടു മുഖഭാവമാദിത്യന്‍ — ശക്തിയോടു പ്രകാശിക്കും

പോലെയും തല—മുടി ധവളപ്പഞ്ഞി-

പോലെയുമിരിക്കുന്ന ദൈവപുത്രനെ (സ്തുതിപ്പിന്‍..)

                                          6

വളരെ വെള്ളത്തിന്നിരച്ചില്‍ക്കൊത്തതും — ശവക്കല്ലറയ്യില്‍നിന്നു

വെളിയെ മരിച്ചോരുയിര്‍ത്തു വരുവാനായ് — തക്കവല്ലഭമുള്ളതും

എളിയ ജനം ചെവിക്കൊള്‍വതുമായ

വലിയ ഗംഭീര ശബ്ദമുള്ളോനെ (സ്തുതിപ്പിന്‍..)

                                          7

വലിയ ദൈവദൂതന്‍റെ ശബ്ദവും — ദേവകാഹളവും, തന്‍റെ

വിളിയോടിട കലര്‍ന്ന് മുഴങ്ങവേ — വാനലോകത്തില്‍ നിന്നേശു

ജ്വലിക്കുമഗ്നി മേ—ഘത്തില്‍ വെളിപ്പെടും

കലങ്ങും ദുഷ്ടര്‍, ത—ന്മക്കളാനന്ദിക്കും (സ്തുതിപ്പിന്‍..)

                                          8

മന്നവ മന്നവനാകുന്ന മശിഹായെ — മഹാസേനയിന്‍ കര്‍ത്തനെ!

മണ്ണും വിണ്ണും പടച്ചവനെ മനുവേല! മനു നന്ദനനേ പര

നന്ദനനെ—മരി നന്ദനനെ രാജ-

നന്ദനനെ നിങ്ങള്‍—നന്ദിയോടു പാടി (സ്തുതിപ്പിന്‍..)

                                          9

ഹല്ലേലുയ്യാ പാടി സ്തുതിപ്പിന്‍ യേശുവെ — യേശുനാമത്തിനു ജയം

അല്ലലെല്ലാം അവന്‍ അകലെക്കളയുമേ — യേശുരാജാവിന്നോശന്നാ

നല്ലവനാം യേശു രാജന്‍ വരും സര്‍വ്വ

വല്ലഭാ യേശുവേ! വേഗം വരേണമെ (സ്തുതിപ്പിന്‍..)

Album: ദിവ്യ ഹൃദയം

Lyrics: റവ. യുസ്തൂസ് യോസഫ് (വിദ്വാന്‍ കുട്ടിയച്ചന്‍)