സ്വന്തം നിനക്കിനി ഞാന്‍ യേശുദേവാ

                        പല്ലവി

സ്വന്തം നിനക്കിനി ഞാന്‍ യേശുദേവാ - പാപ

ബന്ധം നീക്കെന്നില്‍ നിന്നെന്‍ പ്രിയനാഥാ

                    ചരണങ്ങള്‍

                             1

സന്തോഷമെന്നു പേയിന്‍ വഴി നടന്നേന്‍ - അതു

ചതിവെന്നുണര്‍ന്നു നിന്നോടടുത്തു വന്നേന്‍

                             2

ഇന്‍പം പാപം തരുമെന്നഴിഞ്ഞു ചെയ്തേന്‍ - അതു

ഏറെ തുന്‍പം തന്നതാല്‍ ഭയന്നു വന്നേന്‍

                             3

ലോകം തുണയ്ക്കുമെന്നു ചേര്‍ന്നിരുന്നേന്‍ - അതില്‍

ഒട്ടും സ്ഥിരതയില്ലാഞ്ഞോടി വന്നേന്‍

                             4

കായം ബലം സുഖവും കരുത്തില്‍ വെച്ചേന്‍ - ഇതിന്‍

കാഴ്ചയനിത്യമെന്നിതാ വരുന്നേന്‍

                             5

ദേഹം ജീവനും നിന്‍മുന്‍ കാഴ്ചവെച്ചേന്‍ - ഇനി

ചെയ്‌വേന്‍ നിന്‍ തിരുമനം പോലെ എന്നും

                             6

ശക്തി പ്രാപ്തി ധനവും കാഴ്ചവെച്ചേന്‍ - തിരു

സന്തോഷം നേടുവാന്‍ ഞാന്‍ അടുത്തു വന്നേന്‍

                             7

താങ്ങി നടത്തേണം രക്ഷാകര്‍ത്താവേ - പാരം

തളര്‍ന്നിതാ വന്നീടുന്നേന്‍ ദയവാനേ - (സ്വന്തം..)

കൌശിക - ആദിതാളം