We are doing a site revamp. Sorry for the inconvenience.
(ആറാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
വാടിത്തളര്‍ന്നു മുഖം - നാഥന്‍റെ
കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകി
ആ ദിവ്യാനനം തുടച്ചു.
മാലാഖമാര്‍ക്കെല്ലാ -
മാനന്ദമേകുന്ന മാനത്തെ പൂനിലാവേ
താബോര്‍ മാമല -
മേലേ നിന്‍ മുഖം സൂര്യനെപ്പോലെ മിന്നി.
ഇന്നാമുഖത്തിന്‍റെ ലാവണ്യമൊന്നാകെ
മങ്ങി, ദുഃഖത്തില്‍ മുങ്ങി (വാടിത്തളര്‍ന്നു..)
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു. എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഭക്തയായ വെറോനിക്കാ മിശിഹായെ കാണുന്നു. അവളുടെ ഹൃദയം സഹതാപത്താല്‍ നിറഞ്ഞു. അവള്‍ക്ക് അവിടുത്തെ ആശ്വസിപ്പിക്കണം. പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവള്‍ ഈശോയെ സമീപിക്കുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ. സ്നേഹം പ്രതിബന്ധം അറിയുന്നില്ല. "പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെ കാണും". "അങ്ങില്‍ ശരണപ്പെടുന്നവരാരും നിരാശരാവുകയില്ല." അവള്‍ ഭക്തിപൂര്‍വ്വം തന്‍റെ തൂവാലയെടുത്തു. രക്തം പുരണ്ട മുഖം വിനയപൂര്‍വ്വം തുടച്ചു.
"എന്നോടു സഹതാപിക്കുന്നവരുണ്ടോ എന്നു് ഞാന്‍ അന്വേഷിച്ചു നോക്കി. ആരെയും കണ്ടില്ല. എന്നെയാശ്വസിപ്പിക്കുവാന്‍ ആരുമില്ല." പ്രവാചകന്‍ വഴി അങ്ങു് അരുളിച്ചെയ്ത ഈ വാക്കുകള്‍ എന്‍റെ ചെവികളില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കുന്നു. സ്നേഹം നിറഞ്ഞ കര്‍ത്താവേ, വെറോനിക്കായെപ്പോലെ അങ്ങയോടു സഹതപിക്കുവാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങേ പീഡാനുഭവത്തിന്‍റെ മായാത്ത മുദ്ര എന്‍റെ ഹൃദയത്തില്‍ പതിക്കണമേ.
(1. സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ.. എന്നിവ ചൊല്ലുക)
കര്‍ത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.
Lyrics: ആബേലച്ചൻ
Album: കുരിശിന്‍റെ വഴി