ഉച്ചവെയിലില്‍ പൊരിഞ്ഞു

(ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )

ഉച്ചവെയിലില്‍ പൊരിഞ്ഞു - ദുസ്സഹ

മര്‍ദ്ദനത്താല്‍ വലഞ്ഞു

ദേഹം തളര്‍ന്നു താണു - രക്ഷകന്‍ 

വീണ്ടും നിലത്തുവീണു

ലോകപാപങ്ങളാണങ്ങയെ വീഴിച്ചു

വേദനിപ്പിച്ചതേവം

ഭാരം നിറഞ്ഞൊരാ ക്രൂശു നിര്‍മ്മിച്ചതെന്‍ 

പാപങ്ങള്‍ തന്നെയല്ലോ.

താപം കലര്‍ന്നങ്ങേ

പാദം പുണര്‍ന്നു ഞാന്‍ 

കേഴുന്നു: കനിയേണമെന്നില്‍. (ഉച്ചവെയിലില്‍ ..)

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു. എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു. മുറിവുകളില്‍ നിന്നു രക്തമൊഴുകുന്നു. ശരീരമാകെ വേദനിക്കുന്നു. "ഞാന്‍ പൂഴിയില്‍ വീണുപോയി എന്‍റെ ആത്മാവു ദു:ഖിച്ചു തളര്‍ന്നു" ചുറ്റുമുള്ളവര്‍ പരിഹസിക്കുന്നു. അവിടുന്ന്‍ അതൊന്നും ഗണ്യമാക്കുന്നില്ല. "എന്‍റെ പിതാവ് എനിക്ക് തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടതല്ലയോ?" പിതാവിന്‍റെ ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായേ, അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങള്‍ അങ്ങയെ സമീപിക്കുന്നു. അങ്ങയെക്കൂടാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ ശക്തിയില്ല. ജീവിതത്തിന്‍റെ ഭാരത്താല്‍ ഞങ്ങള്‍ തളര്‍ന്നു വീഴുകയും എഴുന്നേല്‍ക്കുവാന്‍ കഴിവില്ലാതെ വലയുകയും ചെയ്യുന്നു. അങ്ങേ തൃക്കൈ നീട്ടി ഞങ്ങളെ സഹായിക്കണമേ.

(1. സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ.. എന്നിവ ചൊല്ലുക)

കര്‍ത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.

Lyrics: ആബേലച്ചൻ

Album: കുരിശിന്‍റെ വഴി