We are doing a site revamp. Sorry for the inconvenience.
(രണ്ടാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ )
കുരിശു ചുമന്നിടുന്നു ലോകത്തിന്‍
വിനകള്‍ ചുമന്നിടുന്നു.
നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം
നിറയും നിരത്തിലൂടെ.
"എന്‍ ജനമേ, ചൊല്‍ക
ഞാനെന്തു ചെയ്തു കുരിശെന്‍റെ തോളിലേറ്റാന്‍
പൂന്തേന്‍ തുളുമ്പുന്ന നാട്ടില്‍ ഞാന്‍ നിങ്ങളെ
ആശയോടാനയിച്ചു
എന്തേ,യിദം നിങ്ങ-
ളെല്ലാം മറന്നെന്‍റെ
ആത്മാവിനാതങ്കമേറ്റി" (കുരിശു..)
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു, എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു. ഈശോയുടെ ചുറ്റും നോക്കുക. സ്നേഹിതന്മാര്‍ ആരുമില്ല. യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു. പത്രോസ് അവിടുത്തെ പരിത്യജിച്ചു. മറ്റു
ശിഷ്യന്മാര്‍ ഓടിയൊളിച്ചു. അവിടുത്തെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇപ്പോള്‍ എവിടെ? ഓശാനപാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു. ഈശോയെ സഹായിക്കുവാനോ, ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല.
എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ചു തന്‍റെ കുരിശും വഹിച്ചുകൊണ്ട് എന്‍റെ പിന്നാലെ വരട്ടെ എന്ന്‍ അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. എന്‍റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരിശു ചുമന്നുകൊണ്ട് ഞാന്‍ അങ്ങേ രക്തമണിഞ്ഞ കാല്പാടുകള്‍ പിന്തുടരുന്നു. വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്‍റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാന്‍ എന്നെ സഹായിക്കണമേ.
(1. സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ.. എന്നിവ ചൊല്ലുക)
കര്‍ത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.
Lyrics: ആബേലച്ചൻ
Album: കുരിശിന്‍റെ വഴി