കുരിശു ചുമന്നു നീങ്ങും നാഥനെ

(അഞ്ചാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ )

 

കുരിശു ചുമന്നു നീങ്ങും നാഥനെ

ശിമയോന്‍ തുണച്ചീടുന്നു.

നാഥാ, നിന്‍ കുരിശു താങ്ങാന്‍ കൈവന്ന

ഭാഗ്യമേ, ഭാഗ്യം.

നിന്‍ കുരിശെത്രയോ ലോലം,

നിന്‍ നുകമാനന്ദ ദായകം

അഴലില്‍ വീണുഴലുന്നോര്‍ക്കവലംബമേകുന്ന

കുരിശേ, നമിച്ചിടുന്നു.

സുരലോകനാഥാ നിന്‍ 

കുരിശൊന്നു താങ്ങുവാന്‍ 

തരണേ വരങ്ങള്‍ നിരന്തരം.

(കുരിശു ചുമന്നു )

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു. എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

ഈശോ വളരെയധികം തളര്‍ന്നു കഴിഞ്ഞു. ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാന്‍ ശക്തനല്ല. അവിടുന്നു വഴിയില്‍ വെച്ചു തന്നെ മരിച്ചുപോയേക്കുമെന്ന്‍ യൂദന്മാര്‍ ഭയന്നു. അപ്പോള്‍ ശിമയോന്‍ എന്നൊരാള്‍ വയലില്‍ നിന്നു വരുന്നത് അവര്‍ കണ്ടു. കെവുറീന്‍കാരനായ ആ മനുഷ്യന്‍ അലക്സാണ്ടറിന്‍റെയും റോപ്പോസിന്‍റെയും പിതാവായിരുന്നു. അവിടുത്തെ കുരിശുചുമക്കാന്‍ അവര്‍ അയാളെ നിര്‍ബന്ധിച്ചു - അവര്‍ക്ക് ഈശോയോട് സഹതാപം തോന്നിയിട്ടല്ല, ജീവനോടെ അവിടുത്തെ കുരിശില്‍ തറയ്ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു.

കരുണാനിധിയായ കര്‍ത്താവേ, ഈ സ്ഥിതിയില്‍ ഞാന്‍ അങ്ങയെ കണ്ടിരുന്നുവെങ്കില്‍ എന്നെത്തന്നെ വിസ്മരിച്ചു ഞാന്‍ അങ്ങയെ സഹായിക്കുമായിരുന്നു. എന്നാല്‍ "എന്‍റെ ഈ ചെറിയ സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ന്‍ അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. "അതിനാല്‍ ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. അപ്പോള്‍ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും, അങ്ങേ പീഡാനുഭവം എന്നിലൂടെ പൂര്‍ത്തിയാവുകയും ചെയ്യും.

(1. സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ.. എന്നിവ ചൊല്ലുക)

കര്‍ത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.

Lyrics: ആബേലച്ചൻ

Album: കുരിശിന്‍റെ വഴി