കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍

(മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )

കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍ 

കഴിയാതെ ലോകനാഥന്‍ 

പാദങ്ങള്‍ പതറി വീണു കല്ലുകള്‍ 

നിറയും പെരുവഴിയില്‍ 

തൃപ്പാദം കല്ലിന്മേല്‍ തട്ടിമുറിഞ്ഞു

ചെന്നിണം വാര്‍ന്നൊഴുകി

മാനവരില്ല വാനവരില്ല

താങ്ങിത്തുണച്ചീടുവാന്‍ 

അനുതാപമൂറുന്ന ചുടുകണ്ണുനീര്‍ തൂകി

അണയുന്നു മുന്നില്‍ ഞങ്ങള്‍ (കുരിശിന്‍ ..)

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു. എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

കല്ലുകള്‍ നിറഞ്ഞ വഴി. ഭാരമുള്ള കുരിശ്. ക്ഷീണിച്ച ശരീരം. വിറയ്ക്കുന്ന കാലുകള്‍. അവിടുന്നു മുഖം കുത്തി നിലത്തു വീഴുന്നു. മുട്ടുകള്‍ പൊട്ടി രക്തമൊലിക്കുന്നു. യൂദന്മാര്‍ അവിടുത്തെ പരിഹസിക്കുന്നു. പട്ടാളക്കാര്‍ അടിക്കുന്നു. ജനക്കൂട്ടം ആര്‍പ്പുവിളിക്കുന്നു. അവിടുന്നു മിണ്ടുന്നില്ല.

"ഞാന്‍ സഞ്ചരിയ്ക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവര്‍ ആരുമില്ല. ഓടിയൊളിക്കുവാന്‍ ഇടമില്ല. എന്നെ രക്ഷിക്കുവാന്‍ ആളുമില്ല."

"അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു. നമുക്കുവേണ്ടി അവിടുന്നു സഹിച്ചു."

കര്‍ത്താവേ, ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും കുരിശോടു കൂടെ ഞാനും നിലത്തു വീണുപോകുന്നു. മറ്റുള്ളവര്‍ അതുകണ്ടു പരിഹസിക്കുകയും, എന്‍റെ വേദന വര്‍ദ്ധിപ്പിക്കുകയും ചെയ്യാറുണ്ട്. കര്‍ത്താവേ എനിക്കു വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നിയന്ത്രിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ സഹായിക്കണമേ.

(1. സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ.. എന്നിവ ചൊല്ലുക)

കര്‍ത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.

Lyrics: ആബേലച്ചൻ

Album: കുരിശിന്‍റെ വഴി