We are doing a site revamp. Sorry for the inconvenience.
പല്ലവി
തിരുവേദത്തിന്‍ പൊരുളേ!
മമ ഗുരുവായ മഹേശജനേ
അരുളേണമീ സമയം തവ
പരമാമൃതമാം വചനം
ചരണങ്ങള്‍
1
പരിശുദ്ധ വേദമതില്‍ നി-
ന്നത്ഭുത കാര്യങ്ങള്‍ കാണ്മതിനായ്
തുറക്കണമേ മമ കണ്‍കള്‍ നീ
കൃപയോടു പരാപരനേ - (തിരു..)
2
പരമാവിയിന്‍ വരമേകണം
വിരവോടെയീ ദാസനു നീ
പരമാനന്ദകരമാം മൊഴി
പരിചോടു ഗ്രഹിപ്പതിനായ് - (തിരു..)
3
ഉലകമതിന്‍ പല ചിന്തകള്‍
ബലമായി വന്നെന്മനസ്സി-
ന്നലമ്പല്‍ ചെയ്യാതിരിപ്പാ-
നടിയനെ കാത്തുസൂക്ഷിക്കണമേ - (തിരു..)
4
മധുരം തവ വചനം എനിക്കു
തേന്‍ കട്ടയെക്കാളധികം
സതതം മഹാനിധിയാമിതു
സദയം തരണം പരനേ - (തിരു..)
5
ഉലകമതിന്‍ വിലയേറിയ
പല മുത്തുരത്നങ്ങളെക്കാള്‍
അലങ്കാരമായ് വിലസീടുന്നു
ബലമേറിയ നിന്മൊഴികള്‍ - (തിരു..)
6
മറവായുള്ള മഹാമര്‍മ്മങ്ങള്‍
മനതാരില്‍ പതിവതിന്നായ്
മറക്കാതെ ഞാന്‍ കരുതീടുവാന്‍
തരണം കൃപയെയധികം - (തിരു..)