We are doing a site revamp. Sorry for the inconvenience.
എത്രയും ദയയുള്ള മാതാവേ ചൊല്ലി
ബാല്യം മുതലേ ഞാൻ വളർന്നു
എന്നുടെ നിഴലായ് നിത്യസഹായമായ്
മാതാവെന്നും കൂടെ വന്നു
മാതാവിൻ ചിത്രമുള്ളുത്തരീയം
അമ്മച്ചിയന്നെന്നെ അണിയിച്ചു
'മാതാവെന്നും നിന്നെ കാത്തു കൊള്ളും കുഞ്ഞേ' -
വാത്സല്യമായ് കാതിൽ മന്ത്രിച്ചു
അമ്മച്ചി മാതാവിൻ ജപമാലയൊരെണ്ണം
എൻ കുഞ്ഞു കൈകളിൽ വാങ്ങിത്തന്നു
മുത്തുകളെണ്ണിയാ പ്രാർത്ഥനയ്ക്കര്‍ത്ഥങ്ങൾ
ഭക്തിയോടെൻ കാതിൽ പറഞ്ഞു തന്നു
സന്ധ്യയ്ക്കു മാതാവിൻ രൂപത്തിൽ മുൻപിൽ
തിരി വെച്ചു കൈകൾ ഞാൻ കൂപ്പി നിന്നു
ജപമാല ചൊല്ലുമ്പോൾ എൻ കൊച്ചു ഹൃദയത്തിൽ
ഈശോയും മാതാവും നിറഞ്ഞു നിന്നു
മാതാവിൻ വണക്കമാസം വരും നാളിൽ
വീട്ടിലെന്താഘോഷമായിരുന്നു
പ്രാർത്ഥനാമുറിയെല്ലാം പൂമാല കോർത്തിടും
പ്രാർഥനാ ഗീതികള്‍ ആർത്തു പാടും
നിത്യസഹായ നൊവേനകൾ ചൊല്ലി
ഭക്തിയായ് മാതാവിനെ വണങ്ങി
മാതൃ വാത്സല്യമാം സ്നേഹം നുകരാൻ
മാതാവിൻ മടിയിൽ ഞാൻ ചാഞ്ഞുറങ്ങി
ഈശോയിലേക്കുള്ള പാതകളെന്നും
മാതാവെനിക്കായ് കാട്ടിത്തന്നു
പാപത്തിൽ വീഴാതെ നന്മ ചെയ്തീടും
കാര്യങ്ങളെല്ലാം പറഞ്ഞു തന്നു
ഈശോയിൽ നിന്നേറെ അനുഗ്രഹങ്ങൾ
മാതാവെനിക്കായി വാങ്ങി തന്നു
ഈശോ തൻ സമ്മാനമായ മാതാവിനെ
ഞാനിന്നും ജീവനായ് സ്നേഹിക്കുന്നു
ഉം.. ഉം.. ഉം.. ഉം.. ഉം.. ഉം..