എന്തതിശയമേ ദൈവത്തിന്‍ സ്നേഹം

എന്തതിശയമേ ദൈവത്തിന്‍ സ്നേഹംഎത്ര മനോഹരമേ-അതു

ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌

സന്തതം കാണുന്നു ഞാന്‍ (എന്തതിശയമേ..)

                         1

ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം

ആര്‍ക്കു ചിന്തിച്ചറിയാം-എനി-

യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍

എത്ര ബഹുലമത് (എന്തതിശയമേ..)

                         2

ആയിരമായിരം നാവുകളാലതു

വര്‍ണ്ണിപ്പതിന്നെളുതോ-പതി

നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍

പാരിലസാദ്ധ്യമഹോ (എന്തതിശയമേ..)

                         3

മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്‌

സന്തതം ചേര്‍ന്നിരുന്ന-ഏക

ജാതനാമേശുവെ പാതകര്‍ക്കായ്‌ തന്ന

സ്നേഹമതിശയമേ (എന്തതിശയമേ..)

                         4

പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു

കാലത്തിലും ദയവായ്‌-സ്നേഹ

വാപിയേ നീയെന്നെ സ്നേഹിച്ചതോര്‍ത്തെന്നില്‍

ആശ്ചര്യമേറിടുന്നു (എന്തതിശയമേ..)

                         5

ജീവിതത്തില്‍ പല വീഴ്ചകള്‍ വന്നിട്ടും

ഒട്ടും നിഷേധിക്കാതെ-എന്നെ

കേവലം സ്നേഹിച്ചു പാലിച്ചീടും തവ

സ്നേഹമതുല്യമഹോ (എന്തതിശയമേ..)

Album: ദിവ്യ ഹൃദയം

Lyrics: പി.വി. തൊമ്മി (തൊമ്മിയുപദേശി)