Home‎ > ‎Composers & Musicians‎ > ‎

പി.വി. തൊമ്മി (തൊമ്മിയുപദേശി)

1881-ല്‍ കുന്നംകുളത്ത് സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു മാര്‍ത്തോമ്മാ ഭവനത്തിലായിരുന്നു തൊമ്മിയുടെ ജനനം. തന്‍റെ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഒരു അദ്ധ്യാപകനായി.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഒടുവിലായുണ്ടായ ആത്മീയ ഉണര്‍വ്വിന്‍ ഭലമായി തൊമ്മി യേശുവിനെ രക്ഷിതാവായി ഹൃദയത്തില്‍ സ്വീകരിച്ചു. പരിശുദ്ധാരൂപിയുടെ ശക്തമായ നിര്‍ബ്ബന്ധം അധ്യാപകജോലി ഉപേക്ഷിച്ച് പ്രേഷിതപ്രവര്‍ത്തനത്തിനായി തന്നെ പ്രേരിപ്പിച്ചു. കുന്നംകുളം പാരിഷിലെ വികാരിയച്ചനായ റവ. സി. എം. ജോസഫ്‌ സുവിശേഷവേലയ്ക്കായി അദ്ദേഹത്തിന് ധൈര്യം പകര്‍ന്നു നല്‍കി. റ്റൈറ്റസ് രണ്ടാമന്‍ മെത്രൊപ്പോലീത്ത അദ്ദേഹത്തെ തൃശൂരിലെയും പെരുമ്പാവൂരിലെയും സുവിശേഷകനായി നിയമിച്ചു.

ഔപചാരികമായി ആദ്ധ്യാത്മികപഠനമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും അദ്ദേഹം ഒരു സഞ്ചരിക്കുന്ന ബൈബിള്‍ നിഘണ്ടു ആയിരുന്നു. അനേക തവണ ആവര്‍ത്തിച്ച് ബൈബിള്‍ വായിച്ച് അദ്ദേഹം ഒരു വ്യാഖ്യാതാവായി തീര്‍ന്നു. ഇതിനിടയില്‍ തന്നെ അദ്ദേഹം തമിഴ്‌ ഭാഷ പഠിച്ചു. അദ്ദേഹം ഒരിക്കലും സാമ്പത്തികമായി ഉന്നതിയിലെത്തിയില്ല. എന്ത് ലഭിച്ചാലും അത് സാധുക്കളായ ആള്‍ക്കാരുടെ ഉന്നമനത്തിനായി അവരുമായി അദ്ദേഹം പങ്കുവച്ചു.

സുവിശേഷവത്കരണരംഗത്ത് തൊമ്മിയുടെ വളര്‍ച്ച അസൂയാവഹമായിരുന്നു. എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍, വേദാദ്ധ്യാപകന്‍, മാരാമണ്‍ കണ്‍വെന്‍ഷനിലെ പരിഭാഷകന്‍, ഗായകന്‍, പാട്ടെഴുത്തുകാരന്‍, 'സുവിശേഷ വെണ്മഴു' എന്ന പ്രസിദ്ധീകരണത്തിന്‍റെ പത്രാധിപര്‍ - ഇങ്ങനെ വിവിധനിലകളില്‍ ദൈവം അദ്ദേഹത്തെ വേണ്ടുവോളം എടുത്തുപയോഗിച്ചു. 1905-ല്‍ തന്‍റെ 136 ഗാനങ്ങള്‍ അടങ്ങിയ ഒരു പാട്ടുപുസ്തകം 'വിശുദ്ധ ഗീതങ്ങള്‍' എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്‍റെ ഭാഷ വളരെ സാധാരണവും നിരക്ഷരര്‍ക്ക് പോലും ആസ്വദിക്കാന്‍ കഴിയുന്നതുമായിരുന്നു. 

പ്രേഷിതപ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും ടൈഫോയ്ഡ്, കോളറ, മസൂരി എന്നീ രോഗങ്ങള്‍ ബാധിച്ച്‌ മരണത്തിന്‍റെ കാലൊച്ച കാതോര്‍ത്തു കിടക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന നല്ല ശമര്യാക്കാരന്‍റെ ശുശ്രൂഷയും അദ്ദേഹം ചെയ്തു വന്നു. മാരകരോഗികളെ ജീവനു തുല്യം സ്നേഹിച്ച തൊമ്മി ഒടുവില്‍ കോളറാ രോഗത്തിന്‍റെ പിടിയിലായി. 

തന്‍റെ മരണത്തിന് ചില നാളുകള്‍ക്ക്‌ മുന്‍പ്‌ ദൈവം ചെയ്ത ഉപകാരമോര്‍ത്ത്, പിന്നിട്ട വഴികളിലെ ദൈവീക സാന്ത്വനമോര്‍ത്ത്‌ ആ ഭക്തന്‍ ദാവീദിനെപ്പോലെ ദൈവത്തോടു ചോദിച്ചു: "എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കും ഞാന്‍ എന്തു പകരം ചെയ്യേണ്ടു?". ഹൃദയത്തിന്‍റെ അകത്തളത്തില്‍ നിന്നുയര്‍ന്ന ഈ ചോദ്യത്തിന് തൊമ്മിയുപദേശി കണ്ടെത്തിയ ഉത്തരം: "മന്നിടത്തിലടിയന്‍ ജീവിക്കും നാളെന്നും വന്ദനം ചെയ്യും തിരുനാമത്തിന്" എന്നായിരുന്നു.

1919 ജൂലൈ പത്താം തിയതി തന്‍റെ മുപ്പത്തിയെട്ടാം വയസ്സില്‍ മന്നിടത്തിലെ ജീവിതം അവസാനിപ്പിച്ച്‌ ഭാഗ്യനാട്ടിലേക്ക് തൊമ്മിയുപദേശി യാത്രയായി. 

വളരെ ചെറുപ്പത്തില്‍ തന്നെ മരണമടഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ഇന്നും സഭാവ്യത്യാസങ്ങളില്ലാതെ മലയാളി ക്രിസ്ത്യാനികളുടെ മനസ്സില്‍ ജീവിക്കുന്നു. 
അദ്ദേഹത്തിന്‍റെ ചില ഗാനങ്ങള്‍ താഴെ ചേര്‍ക്കുന്നു:
Comments