ഓര്‍ശ്ലേമിന്‍ പുത്രിമാരേ

(എട്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )

"ഓര്‍ശ്ലേമിന്‍ പുത്രിമാരേ, നിങ്ങളി-

ന്നെന്നെയോര്‍ത്തെന്തിനേവം

കരയുന്നു നിങ്ങളെയും സുതരേയും

ഓര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍"

വേദന തിങ്ങുന്ന കാലം വരുന്നു

കണ്ണീരണിഞ്ഞകാലം

മലകളേ, ഞങ്ങളെ മൂടുവിന്‍ വേഗമെ-

ന്നാരവം കേള്‍ക്കുമെങ്ങും.

കരള്‍ നൊന്തു കരയുന്ന

നാരീഗണത്തിനു 

നാഥന്‍ സമാശ്വാസമേകി (ഓര്‍ശ്ലേമിന്‍ ..)

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു. എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

ഓര്‍ശ്ലത്തിന്‍റെ തെരുവുകള്‍ ശബ്ദായമാനമായി. പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങള്‍ വഴിയിലേയ്ക്കു വരുന്നു. അവര്‍ക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നു. അവിടുത്തെ പേരില്‍ അവര്‍ക്കു് അനുകമ്പ തോന്നി. ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓര്‍മ്മയില്‍ വന്നു. സൈത്തിന്‍ കൊമ്പുകളും ജയ്‌ വിളികളും. അവര്‍ കണ്ണുനീര്‍വാര്‍ത്തു കരഞ്ഞു.

അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു. അവിടുന്ന്‍ അവരോടു പറയുന്നു: "നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍."

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓര്‍ശ്ലം ആക്രമിക്കപ്പെടും. അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു മരിക്കും. ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു. അവിടുന്നു സ്വയം മറന്ന്‍ അവരെ ആശ്വസിപ്പിക്കുന്നു.

എളിയവരുടെ സങ്കേതമായ കര്‍ത്താവേ, ഞെരുക്കത്തിന്‍റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ, അങ്ങേ ദാരുണമായ പീഡകള്‍ ഓര്‍ത്ത് ഞങ്ങള്‍ ദുഃഖിക്കുന്നു. അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോര്‍ത്ത്‌ കരയുവാനും ഭാവിയില്‍ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.

(1. സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ.. എന്നിവ ചൊല്ലുക)

കര്‍ത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.

Lyrics: ആബേലച്ചൻ

Album: കുരിശിന്‍റെ വഴി