Home‎ > ‎Composers & Musicians‎ > ‎

റവ. യുസ്തൂസ് യോസഫ് (വിദ്വാന്‍ കുട്ടിയച്ചന്‍)

യുയോമയ സഭ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന കേരളക്രൈസ്തവരിലെ ഒരു സഭാവിഭാഗത്തിന്‍റെ പിറവിക്ക് കാരണക്കാരനായ ക്രൈസ്തവ മിഷണറിയും, കേരളത്തിലെ ക്രൈസ്തവ സഭകള്‍ വ്യാപകമായി ഉപയോഗിക്കുന്ന നിരവധി ക്രിസ്തീയകീര്‍ത്തനങ്ങളുടെ രചയിതാവുമാണ് റവ. യുസ്തൂസ് യോസഫ് (സെപ്റ്റംബര്‍ 6, 1835 - 1887). വിദ്വാന്‍ കുട്ടിയച്ചന്‍ എന്ന പേരിലാണു ഇദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. രാമയ്യന്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പൂര്‍‌വ്വനാമം.

കേരളക്രൈസ്തവരുടെ ഇടയില്‍ മലയാളത്തിലുള്ള ക്രിസ്തീയകീര്‍ത്തനങ്ങള്‍ വ്യാപകമായി ആലപിക്കാന്‍ തുടങ്ങിയത് ഇദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് പ്രചാരം ലഭിച്ചതോടെയാണെന്നു പറയപ്പെടുന്നു. ക്രിസ്തീയ ഭക്തിഗാന രചയിതാക്കളില്‍ മാര്‍ അപ്രേമിനു സുറിയാനിയിലും, ഐസക് വാട്സിനു ഇംഗ്ലീഷിലും, ഉള്ള സ്ഥാനമാണു യുസ്തൂസ് യോസഫിനു മലയാളത്തിലുള്ളതെന്നുപോലും പറയുന്ന ക്രൈസ്തവ പണ്ഡിതന്മാരുണ്ട്. മാരാമണ്‍ കണ്‍വന്‍ഷനില്‍ സമാപന ഗാനമായി 1895 മുതല്‍ മുടക്കമില്ലാതെ ആലപിച്ചു വരുന്ന സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ എന്നു തുടങ്ങുന്ന പ്രശസ്തഗാനത്തിന്റെ രചയിതാവ് വിദ്വാന്‍ കുട്ടിയച്ചനാണ്‌.

ആദ്യകാലം
പാലക്കാട് ജില്ലയിലുള്ള മണപ്പുറം ഗ്രാമത്തില്‍ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ വെങ്കിടേശ്വര അയ്യര്‍ (വെങ്കിടേശ്വര ഭാഗവതര്), മീനാക്ഷി അമ്മാള്‍ എന്നിവരുടെ മൂത്ത മകനായി 1835 സെപ്റ്റംബര്‍ 6-നാണു രാമയ്യന്‍ ജനിച്ചത്. മാതാപിതാക്കള്‍ അമ്പലത്തിലെ പാട്ടുകാരായിരുന്നു. രാമയ്യര്‍ക്ക് 5 സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു.
പാലക്കാട്ടെ ഒരു ബ്രാഹ്മണ അദ്ധ്യാപനില്‍ നിന്നു ചെറുപ്പത്തില്‍ തന്നെ മലയാളം, തമിഴ് എന്നീ ഭാഷകളും സം‌ഗീതവും അഭ്യസിച്ചു. അതിനു ശെഷം മുത്തച്ഛനില്‍ (മാതാവിന്റെ അച്ഛന്‍) നിന്നു സം‌സ്കൃതവും, ജ്യോതിഷവും പഠിച്ചു. അങ്ങനെ, 21 വയസായപ്പോഴേക്ക് രാമയ്യര്‍ ജ്യോതിഷം, ഗണിതം, വ്യാകരണം, സം‌ഗീതം എന്നിവയില്‍ പ്രവീണനായിത്തീര്‍ന്നു. ഈ സമയത്ത് കുടുംബം ശാസ്താംകോട്ടയ്ക്ക് താമസം മാറ്റി. ആദ്യം തേവലക്കരയിലും പിന്നെ ചവറയിലും പാര്‍ത്തു. ആ സമയത്ത് രാമയ്യന്‍ കരുനാഗപ്പള്ളി പുത്തൂര്‍ മഠം എന്ന ബ്രാഹ്മണകുടുംബത്തിലെ സീതാദേവി എന്ന 10 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതിനു ശേഷമാണു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിമാറ്റിയ പല സം‌ഭവങ്ങളും അരങ്ങേറുന്നത്.

മതപരിവര്‍ത്തനം
തേവലക്കരയില്‍ താമസിക്കുന്ന രാമയ്യന്റെ അമ്മയ്ക്ക് കഠിനമായ ഏതോ അജ്ഞാത രോഗം പിടിപ്പെട്ടു. അറിവുള്ള വൈദ്യവും മന്ത്രവും ഒക്കെ മീനാക്ഷി അമ്മാളുടെ രോഗം ഭേദമാകാന്‍ വേണ്ടി അവര്‍ പരീക്ഷിച്ചു. പക്ഷെ അതൊന്നും ഫലം കണ്ടില്ല. കുടുംബത്തിന്റെ അയല്‍വാസിയായിരുന്ന തോമസ് കുഞ്ഞ്, രാമയ്യന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നു. തോമസ് കുഞ്ഞിന്റെ ഉപദേശപ്രകാരം അവര്‍ ക്രൈസ്തവ പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും തേവലക്കര മാര്‍ത്ത മറിയം പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന ഒരു ദിവ്യന്റെ മദ്ധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തെന്നും അവരെ അത്ഭുതപ്പെടുത്തി കൊണ്ട് അസുഖം ഭേദമായെന്നും പറയപ്പെടുന്നു. ഈ സംഭവമാണ് ക്രിസ്ത്യാനിവേദത്തെക്കുറിച്ച് അനേഷിക്കുവാന്‍ അവരെ പ്രേരിപ്പിച്ചതത്രെ.
തോമസ് കുഞ്ഞ് നയിച്ചിരുന്ന ക്രിസ്തീയ ജീവിതത്തില്‍ ആകൃഷ്ടരായ അയ്യര്‍ കുടുംബം, പല അവസരങ്ങളിലും ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള സം‌ശയങ്ങളുമായി തോമസ് കുഞ്ഞിനേയും, അദ്ദേഹത്തിന്റെ അമ്മായിഅച്ഛനായ കുഞ്ഞാണ്ടി വൈദ്യനേയും സമീപിച്ചിരുന്നു. ഇടയ്ക്ക്, തോമസ് കുഞ്ഞ് വെങ്കിടേശ്വര അയ്യര്‍ക്ക് പിറന്നാള്‍ സമ്മാനമായി ഒരു മലയാളം ബൈബിള്‍ സമ്മാനിച്ചു. വെങ്കിടേശ്വര ഭാഗവതരും കുടുംബവും സ്ഥിരമായി ബൈബിള്‍ പാരായണം ചെയ്യുവാന്‍ തുടങ്ങി. ഇടക്കിടെ സംശയനിവാരണത്തിനായി തോമസ് കുഞ്ഞിനേയും, കുഞ്ഞാണ്ടി വൈദ്യനേയും സമീപിച്ചിരുന്നു.
അക്കാലത്ത് മാവേലിക്കരയില്‍ താമസിച്ചിരുന്ന റവ. ജോസഫ് പീറ്റ് എന്ന സി.എം.എസ്. മിഷനറി എഴുതിയ മലയാള വ്യാകരണ ഗ്രന്ഥം രാമയ്യന്‍ വായിക്കാന്‍ ഇടയായി. അതിനെ തുടര്‍ന്ന്, രാമയ്യന്‍ ജോസഫ് പീറ്റിനെ കാണാനായി മാവേലിക്കരയ്ക്ക് പോവുകയും അദ്ദേഹവുമായി നീണ്ട ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ചെയ്തു. ക്രമേണ, ക്രിസ്തീയ വിശ്വാസവും ക്രിസ്തുമതതത്ത്വങ്ങളും ചര്‍ച്ചയുടെ പ്രധാന വിഷയമായി. രാമയ്യന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ തൃപ്തികരമായ ഉത്തരം നല്‍കാന്‍ ജോസഫ് പീറ്റിനു കഴിഞ്ഞെന്ന് പറയപ്പെടുന്നു. അതിനുശേഷം ജോസഫ് പീറ്റ് തേവലക്കരയില്‍ രാമയ്യന്‍ കുടുംബത്തെ സന്ദര്‍ശിക്കുകയും, ക്രൈസ്തവ മതത്തെക്കുറിച്ച് അവരുമായി സൗഹൃദസം‌ഭാഷണം നടത്തുകയും ചെയ്തു. ജോണ്‍ ബനിയന്റെ പ്രശസ്തമായ പരദേശിമോക്ഷയാത്ര എന്ന ഗ്രന്ഥത്തിന്റെ ഒരു പ്രതി ജോസഫ് പീറ്റ് അവര്‍ക്കു സമ്മാനിച്ചു. ഈ പുസ്തകം വായിച്ചതോടെയാണ് രാമയ്യന്‍ കുടുംബം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചത്.

അവര്‍ മതപരിവര്‍ത്തനം നടത്താന്‍ തീരുമാനിച്ച വാര്‍ത്ത പെട്ടെന്ന് ദേശത്തു പരന്നു. ഹൈന്ദവനേതാക്കളും, രാമയ്യന്റെ ഭാര്യവീട്ടുകാരും ഒക്കെ അവരെ സന്ദര്‍ശിച്ച് ആ ഉദ്യമത്തില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. രാമയ്യന്റെ ഭാര്യയെ ബലം പ്രയോഗിച്ച് അവരുടെ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പക്ഷെ അവര്‍ തീരുമാനം മാറ്റിയില്ല.
1861 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍‍ മാവേലിക്കര സി.എം.എസ് പള്ളിയില്‍ വച്ച് ജോസഫ് പീറ്റില്‍ നിന്ന് ജ്ഞാനസ്നാനമേറ്റ് അവര്‍ എല്ലാവരും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിതരായി. രാമയ്യന്‍ 1861 ഓഗസ്റ്റ് 4 നാണു സ്നാനം ഏറ്റത്.
ജ്ഞാനസ്നാനത്തില്‍ അവര്‍ എല്ലാവരും ക്രിസ്തീയ നാമങ്ങളും സ്വീകരിച്ചു. തനിക്കായി, അപ്പോസ്തോല പ്രവര്‍ത്തികള്‍ 1:23 വാക്യത്തിലെ യുസ്തൊസ് എന്ന പേരാണു രാമയ്യന്‍ സ്വീകരിച്ചത്. എല്ലാവരുടേയും പുതിയ പേരുകള്‍ ഇവ ആയിരുന്നു.
വെങ്കിടേശ്വര ഭാഗവതര്‍ - യുസ്തൂസ് കൊര്‍ണേലിയോസ്
മീനാക്ഷി അമ്മാള്‍ - സാറ സത്യബോധിനി
രാമയ്യന്‍ - യുസ്തൂസ് യോസഫ്
വെങ്കിടകൃഷ്ണന്‍ - യുസ്തൂസ് യാക്കൂബ്
സുബ്രഹ്മണ്യന്‍ - യുസ്തൂസ് മത്തായി
സൂര്യനാരായണന്‍ - യുസ്തൂസ് യോഹന്നാന്‍
ഗോവിന്ദന്‍ - യുസ്തൂസ് ഫീലിപ്പോസ്
പദ്മനാഭന്‍ - യുസ്തൂസ് ശമുമേല്‍
സീതാ ദേവി - മേരി
ബന്ധുക്കളില്‍ നിന്നും, മതനേതാക്കളില്‍ നിന്നും, നേരിടേണ്ടി വന്ന രൂക്ഷമായ എതിര്‍പ്പു നിമിത്തം അവര്‍ക്ക് വാസസ്ഥലം മാറ്റേണ്ടി വന്നു.മാവേലിക്കരയില്‍ ജോസഫ് പീറ്റിനോടൊപ്പം മിഷന്‍ ബംഗ്ലാവിലായിരുന്നു അവര്‍ ദീര്‍ഘകാലം താമസിച്ചത്.

സി.എം.എസ്. സഭയില്‍
പരിവര്‍ത്തനത്തിനുശേഷം യുസ്തൂസ് യോസഫിനെ ഗ്രീക്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളും ബൈബിളും പഠിക്കാനായി കോട്ടയം സെമിനാരിയിലേക്ക് അയച്ചു. അവിടെനിന്നു പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ അദ്ദേഹത്തെ 1865 നവംബര്‍ 26-നു സി.എം.എസ്. സഭയിലെ ഡീക്കനായി വാഴിച്ചു. 1865 ഡിസം‌ബറില്‍ അദ്ദേഹം മാവേലിക്കര സി.എം.എസ് ഇടവകയില്‍ സഹവികാരിയായി നിയമിതനായി.
യുസ്തൂസ് യോസഫ് ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള തന്റെ പ്രബോധനങ്ങളില്‍ കേരളാക്രൈസ്തവസഭകളില്‍ ഒരു നവീകരണം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. മാവേലിക്കരയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ധാരാളം ഉണര്‍വ്വ് യോഗങ്ങള്‍ നടന്നു. യുസ്തൂസ് യോസഫിനു പാട്ടുകള്‍ പാടാനുള്ള താലന്ത് ഈ യോഗങ്ങളില്‍ വിശേഷിച്ചും പ്രകടമായി. സി.എം.എസ്. സഭയുടെ അധികാരികള്‍ യുസ്തൂസ് യൊസഫിന്റെ പ്രവര്‍ത്തനങ്ങളില്‍ സം‌പ്രീതരായി. അവര്‍ അദ്ദേഹത്തെ 1868-ല്‍ മാവേലിക്കര കന്നീറ്റി സി.എം.എസ്. ഇടവകയുടെ വികാരിയായി നിയമിച്ചു. വലിയ ആത്മാര്‍ത്ഥതയോടെ അദ്ദേഹം തേവലക്കര, കൃഷ്ണപുരം, പുതുപ്പള്ളി, കറ്റാനം, ചേപ്പാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഉണര്‍വ്വ് യോഗങ്ങള്‍ക്ക് സം‌ഘടിപ്പിച്ചു. വിദ്വാന്‍കുട്ടിയച്ചന്റെ വാഗ്‌സാമര്‍ത്ഥ്യവും, ഭാഷാജ്ഞാനവും, വേദപാണ്ഡിത്യവും, അദ്ദേഹത്തിന്റെ സഹോദരന്മാരുടെ സം‌ഗീത സിദ്ധിയും ജനങ്ങളെ ആകര്‍ഷിച്ചു. ആംഗ്ലിക്കന്‍ സഭയില്‍ പെട്ടവര്‍ മാത്രമല്ല, മലങ്കര സഭയില്‍ പെട്ടവരും വിദാന്‍കിട്ടിയച്ചന്റെ പ്രസം‌ഗങ്ങള്‍ കേള്‍ക്കാനും അദ്ദേഹം രചിച്ച ഉണര്‍വ്വുപാട്ടുകള്‍ എറ്റു പാടാനും വന്നു കൂടി.
സന്ദര്‍ഭോജിതമായി യുസ്തൂസ് യോസഫ് ധാരാളം കീര്‍ത്തനങ്ങള്‍ രചിച്ചു. മലയാളത്തിലുള്ള ക്രിസ്തീയ കീര്‍ത്തനങ്ങള്‍ വിദ്വാന്‍കുട്ടിയച്ചന്റെ യോഗങ്ങള്‍ക്ക് എത്തിയിരുന്നവര്‍ കൂട്ടമായി ആലപിക്കാന്‍ തുടങ്ങി. ആ കാലഘട്ടത്തില്‍ യുസ്തൂസ് യോസഫ് അച്ചനും സഹോദരന്മാരും രചിച്ചാലപിച്ചിട്ടുള്ള ക്രിസ്തീയ കീര്‍ത്തനങ്ങള്‍ മലയാള ഭാഷയ്ക്കും കേരളക്രൈസ്തവസഭയ്ക്കും സം‌ഗീത ലോകത്തിനും എണ്ണപ്പെട്ട സംഭാവനകളായി കരുതിപ്പോരുന്നു.
വിദ്വാന്‍കുട്ടിയച്ചനു മുന്‍പ് കേരളത്തിലെ ക്രൈസ്തവആരാധനയില്‍, ദൈവസ്നേഹത്തേയും കുരിശുമരണത്തേയും കുറിച്ച് പൗരസ്ത്യ ഓര്‍ത്തഡോക്സുകാരും സുറിയാനി കത്തോലിക്കരും സുറിയാനിയിലും, ആം‌ഗ്ലിക്കന്‍ സഭാവിഭാക്കാര്‍ ഇം‌ഗ്ലീഷിലും, ലത്തീന്‍ കത്തോലിക്കര്‍ ലത്തീനിലും, പാശ്ചാത്യ-പൗരസ്ത്യ രാഗങ്ങളിലുള്ള കീര്‍ത്തനങ്ങളാണു ആലപിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഭാരതീയ ശാസ്ത്രീയ സം‌ഗീത പൈതൃകവും, ലയ-വിന്യാസങ്ങളും ഉപയോഗിച്ച്, ക്രിസ്തീയ ഭക്തി പ്രമേയങ്ങളെ സ്വതന്ത്രമായി ആര്‍ക്കും പാടാവുന്ന പാട്ടുകളാക്കി മാറ്റുന്ന പ്രക്രിയ ആദ്യം തുടങ്ങിയത് വിദ്വാന്‍ കുട്ടിയച്ചനാണ്‌.
ക്രൈസ്തവ പുരോഹിതനായിരുന്ന അദ്ദേഹം സഭാപഞ്ചാംഗത്തിലെ വിശേഷദിനങ്ങളില്‍ പാടാനുള്ള അനവധി പാട്ടുകളും രചിച്ചു. അങ്ങനെ രചിച്ച പാട്ടുകളില്‍ ചിലത് താഴെ പറയുന്നവ ആണ്‌.
ഓശാന ഞായറാഴ്ച - മറുദിവസം മറിയമകന്‍ വരുന്നുണ്ടെന്നു യരുശലേമില്‍ വരുന്നുണ്ടെന്നു...
ദുഃഖവെള്ളിയാഴ്ച - എന്തൊരന്‍പിതപ്പനേ ഈ പാപിമേല്‍ ...
ഉയിര്‍പ്പുഞായര്‍ - ഇന്നേശു രാജനുയിര്‍ത്തെഴുന്നേറ്റു ...

അവസാനകാലം
1881 ഒക്ടോബര്‍ 2നു ശേഷം സഭാ കാര്യങ്ങളിലൊന്നും അധികം ഇടപെടാതെ വളരെ ശാന്തമായ ഒരു ജീവിതമാണു യുസ്തൂസ് യോസഫ് നയിച്ചത്. യുസ്തൂസ് യോസഫ് 1887-ല്‍ 52-ആമത്തെ വയസ്സില്‍ അന്തരിച്ചു. മാവേലിക്കരയ്ക്കടുത്തുള്ള കന്നീറ്റി എന്ന സ്ഥലത്തെ സി.എസ്.ഐ. പള്ളിയിലാണു യുസ്തൂസ് യോസഫിനെ അടക്കം ചെയ്തിരിക്കുന്നത്.

മലയാള ക്രൈസ്തവ സഭയ്ക്ക് നല്കിയ സംഭാവനകള്‍
യുസ്തൂസ് യോസഫിന്റെ പ്രബോധനങ്ങളും പ്രവചനങ്ങളും മിക്ക ക്രൈസ്തവ സഭകള്‍ക്കും സ്വീകാര്യമല്ലായിരുന്നുവെങ്കിലും മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവസഭകളെ അവ പരോക്ഷമായാണെങ്കിലും ഉണര്‍ത്തി. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങി. ആ കാലഘട്ടത്തോടു ചേര്‍ന്നാണു ബൈബിളിന്റെ മലയാളം പരിഭാഷ ഉണ്ടായത് എന്നതും ഇതിനു സഹായമായി. ബൈബിള്‍ സൊസൈറ്റിയുടെ കണക്കു പ്രകാരം 1873ല്‍ 1119 ബൈബിളാണു വിറ്റു പോയതെങ്കില്‍ 1874-ല്‍ അതിന്റെ എണ്ണം 3034 ആയി ഉയര്‍ന്നു.
വിദ്വാന്‍ കുട്ടിയച്ചനു മലയാളം, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ്, ഗ്രീക്ക് എന്നീ ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു. മതപരിവര്‍ത്തനത്തിനു മുന്‍പ് വളരെ ശുഷ്കാന്തിയോടെ ഹിന്ദുമതം പിന്‍തുടര്‍ന്നിരുന്ന അദ്ദേഹത്തിനു ഹൈന്ദവ സം‌ഹിതകളിലും ആചാരങ്ങളിലും ഒക്കെ നല്ല അറിവുണ്ടായിരുന്നു. അദ്ദേഹത്തിന് ഈ അറിവ് താന്‍ രചിക്കുന്ന ക്രിസ്തീയ കീര്‍ത്തനങ്ങളില്‍ പ്രതിഫലിപ്പിക്കുവാന്‍ സാധിച്ചു. കേരളക്രൈസ്തവരുടെ ഇടയില്‍ മലയാളത്തിലുള്ള ക്രിസ്തീയകീര്‍ത്തനങ്ങള്‍ വ്യാപകമായി ആലപിക്കാന്‍ തുടങ്ങിയത് വിദ്വാന്‍ കുട്ടിയച്ചന്റെ പാട്ടുകള്‍ക്ക് പ്രചാരം ലഭിച്ചതോടെയാണെന്നു പറയപ്പെടുന്നു.
വിദ്വാന്‍ കുട്ടിയച്ചന്റെ കീര്‍ത്തങ്ങള്‍ക്ക് കാലത്തെ അതിജീവിക്കുന്ന കാവ്യ സൗന്ദര്യവും ഭക്തിരസവും ഉണ്ട് എന്നതിന്റെ തെളിവാണു്, കേരളത്തിലെ മിക്കവാറും എല്ലാ ക്രൈസ്തവസഭകളും ഇപ്പോഴും തങ്ങളുടെ ആരാധനകളില്‍ അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നു എന്നത്.

കൃതികള്‍
യുസ്തൂസ് യോസഫിന്റെ സാഹിത്യ കൃതികളില്‍ മുഖ്യമായവ താഴെ പറയുന്നവയാണ്‌.
വിശുദ്ധവെണ്‍മഴു
നിത്യജീവപദവി
നിത്യാക്ഷരങ്ങള്‍
യുയോമയഭാഷാപുസ്തകം
ക്രിസ്താത്മീയ ഗീതങ്ങള്‍
യുമോമയ ഗീതങ്ങള്‍

ക്രിസ്താത്മീയ ഗീതങ്ങളിള്‍ ആകെ 148 ഗീതങ്ങള്‍ ആണ്‌ ഉള്ളത്. അതിലെ ഒടുവിലത്തെ 12 ഗീതങ്ങള്‍ മുഴുവന്‍ സം‌സ്കൃതത്തിലാണു രചിച്ചിരിക്കുന്നത്. യുയോമയ ഗീതങ്ങളിലെ 56 പാട്ടുകളും 34 ഗ്ലോകങ്ങളും സാധാരണ ജങ്ങള്‍ക്ക് ഭാഷയിലും രാഗത്തിലും ദുര്‍ഗ്രഹങ്ങളാണ്‌. സം‌ഗീതവിദ്വാന്മാര്‍ക്ക് ആലപിച്ചാനന്ദിപ്പാനുള്ള കര്‍ണ്ണാടക ശാസ്ത്രീയ സം‌ഗീത കൃതികളാണ്‌ അവ.

പ്രശസ്തമായ കീര്‍ത്തനങ്ങള്‍
Comments