We are doing a site revamp. Sorry for the inconvenience.
(പതിനാലാം സ്ഥലത്തേയ്ക്കുപോകുമ്പോള്‍ )
നാഥന്റെ ദിവ്യദേഹം വിധിപോലെ
സംസ്ക്കരിച്ചീടുന്നിതാ
വിജയം വിരിഞ്ഞു പൊങ്ങും ജീവന്റെ
ഉറവയാണാ കുടീരം
മൂന്നു നാള് മത്സ്യത്തിനുള്ളില്‍ക്കഴിഞ്ഞൊരു
യൗനാന്‍ പ്രവാചകന് പോല്‍
ക്ലേശങ്ങളെല്ലാം പിന്നിട്ടു നാഥന്
മൂന്നാം ദിനമുയിര്‍ക്കും.
പ്രഭയോടുയിര്‍ത്തങ്ങേ
വരവേല്പിനെത്തീടാന്
വരമേകണേ ലോകനാഥാ (നാഥന്റെ..)
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു. എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
അനന്തരം പീലാത്തോസിന്റെ അനുവാദത്തോടെ റാംസാക്കാരനായ ഔസേപ്പ് ഈശോയുടെ മൃതദേഹം ഏറ്റെടുത്തു. നൂറു റാത്തലോളം സുഗന്ധകൂട്ടുമായി നിക്കൊദേമൂസും അയാളുടെ കൂടെ വന്നിരുന്നു. യൂദന്മാരുടെ ആചാരമനുസരിച്ചു കച്ചകളും പരിമളദ്രവ്യങ്ങളും കൊണ്ടു ശരീരം പൊതിഞ്ഞു. ഈശോയെ കുരിശില്‍ തറച്ചിടത്ത് ഒരു തോട്ടവും, അവിടെ ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു. ശാബതം ആരംഭിച്ചിരുന്നതുകൊണ്ടും കല്ലറ അടുത്തായിരുന്നതുകൊണ്ടും, അവര്‍ ഈശോയെ അവിടെ സംസ്ക്കരിച്ചു.
"അങ്ങ് എന്റെ ആത്മാവിനെ പാതാളത്തില്‍ തള്ളുകയില്ല. അങ്ങേ പരിശുദ്ധന് അഴിഞ്ഞു പോകുവാന്‍ അനുവദിക്കുകയുമില്ല."
അനന്തമായ പീഡകള്‍ സഹിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ, അങ്ങയോടുകൂടി മരിക്കുന്നവര്‍ അങ്ങയോടുകൂടി ജീവിക്കുമെന്നും ഞങ്ങള്‍ അറിയുന്നു. മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ സംസ്ക്കരിക്കപ്പെട്ടിരിക്കയാണല്ലോ. രാവും പകലും അങ്ങേ പീഡാനുഭവത്തെപ്പറ്റി ചിന്തിച്ചു കൊണ്ട് പാപത്തിനു മരിച്ചവരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
(1. സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ.. എന്നിവ ചൊല്ലുക)
കര്‍ത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.
Lyrics: ആബേലച്ചൻ
Album: കുരിശിന്റെ വഴി