We are doing a site revamp. Sorry for the inconvenience.
കുരിശില്‍ മരിച്ചവനേ
കുരിശാലേ വിജയം വരിച്ചവനേ
മിഴിനീരൊഴുക്കിയങ്ങേക്കുരിശിന്റെ
വഴിയേ വരുന്നു ഞങ്ങള്‍
ലോകൈകനാഥാ നിന് ശിഷ്യനായ്ത്തീരുവാന്‍ ആശിപ്പോനെന്നുമെന്നും
കുരിശു വഹിച്ചു നിന് കാല്‍പ്പാടു പിന് ചെല്ലാന്‍ കല്പിച്ച നായകാ
നിന് ദിവ്യരക്തത്താലെന്‍ പാപമാലിന്യം കഴുകേണമേ ലോകനാഥാ (കുരിശില്‍ ..)
നിത്യനായ ദൈവമേ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന് ബലി കഴിക്കുവാന്‍ തിരുമനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു.
അങ്ങു ഞങ്ങളെ അനുഗ്രഹിച്ചു, അവസാനം വരെ സ്നേഹിച്ചു. സ്നേഹിതനു വേണ്ടി ജീവന് ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്നു അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താ വരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാന യാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയില്‍ക്കൂടി വ്യാകുലയാ മാതാവിന്റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഞെരുക്കമുള്ളതും വാതില്‍ ഇടുങ്ങിയതുമാണെന്നു് ഞങ്ങളെ അറിയിച്ച കര്‍ത്താവേ ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചുകൊണ്ട് ആ ഇടുങ്ങിയ വഴിയില്‍ക്കൂടി സഞ്ചരിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.
Lyrics: ആബേലച്ചൻ
Album: കുരിശിന്റെ വഴി