വരുമേ ഉണര്‍ന്നിരിപ്പിന്‍ - യേശുനാഥന്‍

                    പല്ലവി

വരുമേ ഉണര്‍ന്നിരിപ്പിന്‍ - യേശുനാഥന്‍

വരുമേ ഉണര്‍ന്നിരിപ്പിന്‍

                അനുപല്ലവി

വലിയോര്‍ക്കും ചെറിയോര്‍ക്കും

മാന്യര്‍ക്കും ഹീനര്‍ക്കും

അഖിലര്‍ക്കും വിധി നല്‍കി

തക്ക ഫലം കൊടുപ്പാന്‍ - (വരുമേ..)

                ചരണങ്ങള്‍

                         1

ഭേരിയാല്‍ ബ്രഹ്മാണ്ഢ-ഭിത്തികള്‍ കുലുങ്ങുവാന്‍

പെരും കാഹളധ്വനിയാല്‍ പേയ്ഗണം കുലുങ്ങുവാന്‍

പെരും കാഹളധ്വനിയാല്‍ പേയ്ഗണം കുലുങ്ങുവാന്‍

അരിഗണം ചുളുങ്ങുവാന്‍ തന്നില്‍ ആശ്രിതന്മാരും

നിരയണിദൂതരും ചേര്‍ന്നു തുടങ്ങീടുവാന്‍ - (വരുമേ..)

                         2

വാനം ഭടഭടന്നു, ഭുവനം കിടുകിടുങ്ങി

ഹീനപ്പേയെ ചേര്‍ന്ന ഏവരും നടുനടുങ്ങി

മാനം ഇല്ലാതെ വാണ പാതകരോടുവാന്‍

ജ്ഞാനഗാനം പാടി നല്‍സഭ തുടങ്ങുവാന്‍ - (വരുമേ..)

                         3

തുന്‍പപ്പെട്ടോരെ ജീവ ഇന്‍പ കനികളൂട്ടി

തന്‍ പ്രസാദപാത്രരെ പൊന്‍മുടികള്‍ ചൂട്ടി

അന്‍പറ്റോരെ നരക വന്‍പാകവെ കാട്ടി

അന്‍പുള്ള ദാസര്‍ക്കു സമ്പല്‍ഗതി കൂട്ടുവാന്‍ - (വരുമേ..)

                         4

വിശ്വാസികളെ താന്‍ ഉയര്‍ത്തി പുകഴ്വതിനും

മേലാം മോക്ഷവാസികള്‍ ചാലെ ഘോഷിപ്പതിനും

വിശ്വാസഹീനരെ നിരസിച്ചകറ്റുവാനും

വിണ്‍പരിവാരം ചൂഴ്ന്നു അന്‍പന്‍ യേശുമഹേശന്‍ - (വരുമേ..)

സൌരാഷ്ട്രം - ത്രിപുടതാളം

By മോശവല്‍സലം ശാസ്ത്രിയാര്‍