1847-ല്‍ റവ. ജോണ്‍ കോക്സ് എന്ന പാശ്ചാത്യ മിഷനറിയുടെ മിഷനറി പ്രവര്‍ത്തനത്തിന്റെ ഫലമായി തിരുവനന്തപുരത്തിനടുത്തുള്ള നെയ്യാറ്റിന്‍കര താലൂക്കിലുള്ള തിരുപ്പുറം ഗ്രാമത്തിലെ ഒരു റോമന്‍ കത്തോലിക്ക കുടംബാംഗമായിരുന്ന അന്തോണി മിഷനറി സായിപ്പുമാറോടു് ഒപ്പം ചേര്‍ന്നു. അരുളാനന്ദം എന്ന പുതു നാമവും സ്വീകരിച്ചു. LMS മിഷനറിയായിരുന്ന ജോണ്‍ നോക്സിനു് അരുളാനന്ദത്തിനോടുള്ള വാത്സല്യം നിമിത്തം അദ്ദേഹത്തെ വത്സലം എന്ന ഓമനപ്പേരിലാണു് വിളിക്കാറുണ്ടായിരുന്നതു്. ജോണ്‍ നോക്സ് വത്സലത്തെ ഒരു സുവിശേഷ പ്രവര്‍ത്തകനായി നിയമിച്ചു.
സുവിശേഷകന്‍ അരുളാന്ദവത്സലത്തിനു് ഒരു മകന്‍ ജനിച്ചപ്പോള്‍ ആ കുട്ടിയുടെ ജ്ഞാനസ്നാപനം നടത്തിയ മിഷനറി അവനു് മോശ എന്നു് പേരിട്ടു. മറ്റൊരു മിഷനറി ശമുവേല്‍ മെറ്റീര്‍ പിതാവിന്റെ ഓമനപ്പേരായ വത്സലം കൂടി ചേര്‍ത്തു് കുഞ്ഞിനെ മോശവത്സലം എന്നു് വിളിച്ചു.
പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതിനു് ശേഷം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ പഠിച്ചു് ജയിച്ചു് ഒരദ്ധ്യാപകനായി. ലളിതകലകളില്‍ ജന്മവാസനയുണ്ടായിരുന്ന മോശ, സംഗീതത്തിലും ചിത്രരചനയിലും പ്രത്യേക പരിശീലനം നേടിയിരുന്നതിനാല്‍ സ്കൂളില്‍ ആ വിഷയങ്ങളും പഠിപ്പിച്ചു. 1868-ല്‍ 21-ആം വയസ്സില്‍ തിരുവനന്തപുരം നെല്ലിക്കുഴിയില്‍ മനവേലി കുടുംബത്തില്‍ നിന്നു് റാഹേലിനെ വിവാഹം ചെയ്തു.
അദ്ധ്യാപകനായി ജീവിതം തുടങ്ങിയെങ്കിലും മോശവത്സലത്തിന്റെ ആഗ്രഹം ഒരു സുവിശേഷകനാകണമെന്നായിരുന്നു. വൈദീകപഠനത്തിനായിട്ടു് അദ്ദേഹം അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചു്; നാഗര്‍ കോവിലിലുള്ള സെമിനാരിയില്‍ നിന്നു് വൈദീകവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിനു് ശേഷം സംഗീതത്തിലും ചിത്രമെഴുത്തിലും ഉപരിപഠനത്തിനായി തിരുവനന്തപുരത്തു് താമസമാക്കി. ചിത്രമെഴുത്തില്‍ നേടിയ പരിശീലനത്തിന്റെ ഫലമായി സുവിശേഷപ്രവര്‍ത്തനത്തിനു് സഹായകരമായ് വേദകഥകള്‍ സ്ലൈഡുകളായി നിര്‍മ്മിക്കുവാന്‍ തുടങ്ങി. അതേകാലത്തു് തന്നെ കര്‍ണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതല്‍ പ്രാവീണ്യം നേടി.
കര്‍ണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതല്‍ പ്രാവീണ്യം നേടിയതിനു് ശേഷമാണു് അദ്ദേഹം ക്രിസ്തീയഗാനങ്ങള്‍ രചിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തുടങ്ങിയതു്. ഇംഗ്ലീഷിലെ പ്രശസ്തമായ ക്രൈസ്തഗാനങ്ങള്‍ മലയാളത്തിലാക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രമം.
തിരുവനന്തപുരത്തെ മിഷനറിയായിരുന്ന സാമുവല്‍ മെറ്റീര്‍, മോശവത്സലത്തെ LMS മിഷന്‍ ഓഫീസില്‍ നിയമിക്കുകയും അവിടുത്തെ ബൃഹത്തായ പുസ്ത്കസഞ്ചയത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്തു. ഇതു് ഇംഗ്ലീഷിലും,സംസ്കൃതത്തിലും, തമിഴിലുമുള്ള നിരവധി അപൂര്‍വ്വ ഗ്രന്ഥങ്ങളുമായി പരിചയപ്പെടാന്‍ അദ്ദേഹത്തിനു് അവസരം നല്‍കി. അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു.
"1872-ലാണു് ഞാന്‍ പ്രഥമകീര്‍ത്തനം രചിച്ചതു്. അന്നു മുതല്‍ ഗാനരചന അഭംഗുരം തുടര്‍ന്നു വന്നു. മലയാളത്തിലും, തമിഴിലും, തെലുങ്കിലും, സംസ്കൃതത്തിലും, ഇംഗ്ലീഷിലും പ്രമുഖകവികള്‍ രചിച്ച കൃതികളിലെ ആശയങ്കാരങ്ങള്‍ ഇളവുകൂടാതെ ഞാന്‍ പഠിച്ചു കൊണ്ടിരുന്നു."
ആരാധനകളില്‍ ഉപയോഗിക്കുവാനുള്ള കീര്‍ത്തനങ്ങള്‍ രചിക്കുവാന്‍ മിഷനറി സായിപ്പു് മോശവത്സലത്തെ നിയോഗിക്കുകയും വേണ്ട പ്രോത്സാഹനം നല്കുകയും ചെയ്തു. അതിനെ തുടര്‍ന്നു് അദ്ദേഹം നിരവധി ക്രിസ്തീയ കീര്‍ത്തനങ്ങള്‍ രചിച്ചു. അദ്ദേഹം രചിച്ചവയില്‍ വളരെ പ്രശസ്തി ആര്‍ജ്ജിച്ചതും ഇന്നും കേരളാക്രൈസ്തവര്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചില മലയാള ക്രിസ്തീയ കീര്‍ത്തനങ്ങള്‍ താഴെ പറയുന്നവ ആണു്.
LMS മിഷന്‍ ഓഫീസില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചതിനു് ശേഷം മോശവത്സലം ഒരു സുവിശേഷകനായി സഭാസേവനത്തിനിറങ്ങി. തിരുപ്പുറം, നെല്ലിക്കാക്കുഴി എന്നീ സ്ഥലങ്ങളില്‍ സഭാശുശ്രൂഷകനായി സേവനമനുഷ്ടിച്ചു. 1891 മുതല്‍ ജീവിതാവസാനം വരെ മോശവത്സലത്തിന്റെ സകല പ്രവര്‍ത്തനങ്ങളും കാട്ടാക്കടയില്‍ കേദ്രീകരിച്ചു. 1916 ഫെബ്രുവരി 20ആം തീയതി മോശവത്സലം അന്തരിച്ചു.