Malayalam Christian Songs‎ > ‎‎ > ‎

വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ

വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ!
വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു നാമത്തിന്നാദരവായ്
                                            1
ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കു വന്നു ചേരുവതിനായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭി-വന്ദനം ചെയ്തിടുന്നേ (വന്ദനം..)
                                            2
നിന്‍രുധിരമതിനാല്‍ പ്രതിഷ്ഠിച്ച-ജീവപുതുവഴിയായ്‌
നിന്നടിയാര്‍ക്കു-പിതാവിന്‍ സന്നിധൌ-വന്നിടാമേ സതതം (വന്ദനം..)
                                            3
ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കള്‍ക്കരുളാന്‍
പാത്രതയേതുമില്ല നിന്റെ കൃപയെത്ര വിചിത്രമഹോ (വന്ദനം..)
                                            4
വാനദൂതഗണങ്ങള്‍ മനോഹര ഗാനങ്ങളാല്‍ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്കു (വന്ദനം..)
                                            5
മന്നരില്‍ മന്നവന്‍ നീ മനുകുലത്തിന്നു രക്ഷാകാരന്‍ നീ
മിന്നും പ്രഭാവമുള്ളോന്‍ പിതാവിനു സന്നിഭന്‍ നീയല്ലയോ (വന്ദനം..)
                                            6
നീയൊഴികെ ഞങ്ങള്‍ക്കു സുരലോകെയാരുള്ളു ജീവനാഥാ
നീയൊഴികെയിഹത്തില്‍ മറ്റാരുമില്ലാഗ്രഹിപ്പാന്‍ പരനേ (വന്ദനം..)


Comments