Malayalam Christian Songs‎ > ‎‎ > ‎

എവ്വിധവും പാപികള്‍ക്കരുളുവാനനന്തമോക്ഷം

എവ്വിധവും പാപികള്‍ക്കരുളുവാനനന്തമോക്ഷം
ഇവ്വുലകില്‍ വന്നുദിച്ചു ദിവ്യകടാക്ഷം

പാരുമതോടു പരവും പാരമനുഗ്രഹങ്ങളും 
കാരുണ്യമതോടെ നല്കി കാത്തരുളും ദൈവമകന്‍...
                                      1
സ്വന്തഛായയില്‍ നരരെ പ്രീതിയായ്‌ ചമച്ചു ഭൂവില്‍
ചന്തമായ്‌ വാഴാനിരുത്തി ഏദന്‍ പൂങ്കാവില്‍
തന്തയിന്നാജ്ഞ വെടിഞ്ഞു വഞ്ചകന്നിടം കൊടുത്തു
ഹന്ത! നാശയോഗ്യരായധഃപതിച്ചാല്‍ സദയം (എവ്വിധവും..)
                                      2
ക്രൂരരാമെജിപ്ത്യര്‍ക്കന്നങ്ങാചരിച്ചധികദാസ്യം
പാരം കരുണയോടീശന്‍ നല്‍കി സ്വാതന്ത്ര്യം
ചാരുവനദേശത്തവര്‍ക്കേകിയ ന്യായപ്രമാണം
ആരുമേ നന്നായനുഷ്‌ഠിക്കായ്കയാല്‍ കാലത്തികവില്‍ (എവ്വിധവും..)
                                      3
അന്തഃശുദ്ധിവിട്ടു ബാഹ്യമാര്‍ഗ്ഗാചാരച്ചട്ടയ്ക്കകം
അന്തമറിയാതെ വെന്തുനീറി ജനൗഘം
അന്തരംഗശുദ്ധിയവര്‍ക്കോതി പ്രവാചക വീരര്‍ 
അന്തര്‍മാലിന്യം വിടുവാനേതുമേ തുനിഞ്ഞില്ല താന്‍ (എവ്വിധവും..)
                                      4
കണ്ണീരുണ്ടന്തഃകരണ ബോധമറ്റനീതി ചെയ്തു
മണ്ണിലാശയായ്‌ മരണം ചുംബനം ചെയ്തു 
വിണ്ണിലവര്‍ക്കായിടം ഒരുക്കുവതിന്നായി നാഥന്‍
ഉണ്ണിയായ് പിറന്നു ചോര ചിന്തിയും ജീവന്‍ വെടിഞ്ഞു (എവ്വിധവും..)


Comments