Home‎ > ‎Composers & Musicians‎ > ‎

Volbreet Nagel വി. നാഗല്‍

മലയാളത്തിലുള്ള നിരവധി ക്രിസ്തീയ കീര്‍ത്തങ്ങളുടെ രചയിതാവായ ഒരു ജര്‍മ്മന്‍ വൈദീകന്‍ ആണ് വോള്‍ബ്രീറ്റ് നാഗല്‍ (Volbreet Nagel). നാഗല്‍ സായിപ്പ് എന്ന പേരില്‍ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. വി.നാഗല്‍ എന്നും അറിയപ്പെടുന്നു. ജനനം 1867 നവംബര്‍ 3നു ജര്‍മ്മനിയിലെ ഹാസന്‍ എന്ന നഗരത്തില്‍ . മരണം 1921 മെയ് 12-നു ജര്‍മ്മനിയില്‍.
ഇപ്പോള്‍ കേരളക്രൈസ്തവര്‍ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ സമയത്ത് പാടാറുള്ള സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്നാരംഭിക്കുന്ന പ്രശസ്ത കീര്‍ത്തനത്തിന്റെ രചയിതാവ് വി. നാഗല്‍ ആണ്. അരനാഴികനേരം എന്ന സിനിമയില്‍ കേട്ടതോടെയാണു സമയരഥത്തിന്‍ ഗാനം മലയാളത്തില്‍ പ്രശസ്തമായത്.പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനത്തിന്‍റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളരുകയായിരുന്നു.

ആദ്യകാലം
ജര്‍മനിയിലെ ഹാസെന്‍ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. തുകല്‍പ്പണിക്കാര നായ ഹെന്‍റി പീറ്ററും എലിസബേത്ത് മേയും ആയിരുന്നു മാതാപിതാക്കള്‍. ശൈശ വത്തില്‍ തന്നേ അവര്‍ മരിച്ചു. ഭക്തി പൂര്‍ണ്ണമായ അന്തരീക്ഷത്തിലാണ് പിന്നീട് അദ്ദേഹം വളര്‍ന്നത്.സഞ്ചാര സുവിശേഷകനായിരുന്ന ഒരു ചെരുപ്പുകുത്തിയുടെ പ്രസംഗം കേട്ട് പതിനെട്ടാമത്തെ വയസ്സില്‍ നാഗലിനു മാനസാന്തരം ഉണ്ടായെന്നും, അതോടെ സുവിശേഷകനായി ജീവിക്കണം എന്നു തീരുമാനിച്ചെന്നും പറയപ്പെടുന്നു. ആ തീരുമാനത്തെ തുടര്‍ന്ന് സിറ്റ്‌‌സ്വര്‍ലാന്‍ഡിലുള്ള ബാസല്‍ പട്ടണത്തിലെ ലൂഥറന്‍ വൈദീകപാഠശാലയില്‍ പ്രവേശിച്ചു. ആറു വര്‍ഷത്തെ അഭ്യസനത്തിനു ശേഷം 1892-ല്‍ അദ്ദേഹത്തെ ഇവാഞ്ചലിക്കല്‍ ലൂതറന്‍ മിഷന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിനായി നിയോഗിച്ചു. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുന്‍പ് വൈദികപ്പട്ടവും ഏറ്റു. പ്രേക്ഷിത സംഘത്തിന്‍റെ പ്രവര്‍ത്തകനായി കണ്ണൂരിലെത്തി.

കേരളത്തിലെ പ്രവര്‍ത്തനം
1893-ഡിസംബര്‍ മാസത്തിലാണു അദ്ദേഹം കണ്ണൂരില്‍ എത്തിയത്. വാണിയങ്കുളത്തെ ബാസല്‍ മിഷന്‍ കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു. മിഷന്‍ സ്ഥാപനങ്ങളായ സ്കൂളുകളും വ്യവസായ സ്ഥാപനങ്ങളും അവയുടെ നടത്തിപ്പും പണത്തിന്റെ ഉത്തരവാദിത്വവും എല്ലാം സ്വതന്ത്രമായ സുവിശേഷഘോഷണത്തിനു തടസ്സമായി നാഗലിനു തോന്നി. അതിനാല്‍ മുന്നു വര്‍ഷത്തിനു ശേഷം സ്വതന്ത്ര സുവിശേഷ പ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടി മിഷന്‍ കെന്ദ്രത്തിന്റെ ഉത്തരവാദിത്വം ഉപേക്ഷിച്ചു. അധികം താമസിയാതെ ലൂതറന്‍ സഭയുടെ അധികാരത്തിന്‍ കീഴുള്ള പ്രവര്‍ത്തനം ബന്ധനമായി തോന്നുകയാല്‍ അതും ഉപേക്ഷിച്ചു.

കുന്നംകുളത്തേക്ക്
കണ്ണൂരില്‍ നിന്നു എങ്ങോട്ടു പോകണം എന്നു ലക്‌ഷ്യം ഇല്ലാതെ നാഗല്‍ തെക്കോട്ടു യാത്ര ചെയ്തു. കാളവണ്ടിയിലായിരുന്നു യാത്ര. കുന്നംകുളം പട്ടണത്തിലെത്തിയപ്പോള്‍ ഒരു പ്രാര്‍ത്ഥനാ കെന്ദ്രം കണ്ട് അവിടെ കയറി വിശ്രമിച്ചു. ആ പുരാതന ക്രൈസ്തവ കേന്ദ്രത്തില്‍ തന്റെ മിഷനറി പ്രവര്‍ത്തനം തുടങ്ങാന്‍ നിശ്ചയിച്ചു. സുവിശേഷപ്രചരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നാഗല്‍ മലയാളം പഠിച്ചു. ചുരുങ്ങിയ കാലം കൊണ്ട് മലയാള ഭാഷയില്‍ പ്രസം‌ഗം നടത്തുന്നതിനും, പാട്ടുകള്‍ എഴുതുന്നതിനും പാടവം നേടി. മലയാളത്തില്‍ പാടുകയും പ്രസം‌ഗിക്കുകയും ചെയ്യുന്ന നാഗല്‍ സായിപ്പ് നാട്ടുകാര്‍ക്ക് പ്രിയംകരനായി. കുന്നംകുളം പട്ടണത്തിലും ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും അദ്ദേഹം തന്റെ മിഷനറി പ്രവര്‍ത്തനം തുടര്‍ന്നു.

വിവാഹം, കുടുംബം
1897-ല്‍ കുന്നംകുളത്ത് താമസിച്ച് മിഷനറി പ്രവര്‍ത്തനം ചെയ്യുന്ന സമയത്ത്, നാഗല്‍ സായിപ്പ് ഹാരിയറ്റ് മിച്ചല്‍ എന്ന ആംഗ്ലോ-ഇന്ത്യന്‍ വനിതയെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു.
വിവാഹത്തിനു ശെഷം ചില മാസങ്ങള്‍ നവദമ്പതികള്‍ നീലഗിരിയില്‍ ചെന്നു പാര്‍ത്തു. ആ സമയത്താണു ഇംഗ്ലീഷ്‌കാരനായ ബ്രദറണ്‍ മിഷനറി ഹാന്‍ലി ബോര്‍ഡുമായി നാഗല്‍ പരിചയപ്പെടുന്നത്. ബോര്‍ഡിന്റെ പഠിപ്പിക്കലിനെത്തുടര്‍ന്ന് നാഗലും ഭാര്യയും അദ്ദേഹത്തിന്റെ കൈകൊണ്ടു തന്നെ മുതിര്‍ന്ന സ്നാനം ഏല്‍ക്കയും ബ്രദറന്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. നാഗലിന്റെ പ്രവര്‍ത്തനത്തിനു ഏറ്റവും നല്ല കൂട്ടാളിയായിട്ടാണു മിച്ചല്‍ പ്രവര്‍ത്തിച്ചത്. ജര്‍മ്മന്‍കാരനായിരുന്ന നാഗലിന് ഇംഗ്ലീഷിലുള്ള എഴുത്തുകുത്തുകളിലും മറ്റുമുണ്ടായിരുന്ന പോരായ്മ പരിഹരിക്കാന്‍ മിച്ചല്‍ സഹായിച്ചു.ഇവര്‍ക്കു 5 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും ഉണ്ടായി. ഇതില്‍ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ശൈശവത്തില്‍ തന്നെ മരിച്ചു പൊയി.

പറവൂരിലേക്ക്
ഒരു സ്ഥലത്തു തന്റെ മിഷനറി പ്രവര്‍ത്തനം മൂലം സഭ സ്ഥാപിക്കപ്പെട്ടാല്‍ പിന്നീടു പുതിയ സ്ഥലത്തെക്ക് പോകണം എന്നായിരുന്നു നാഗലിന്റെ ആഗ്രഹം. അതിനാല്‍ 1899-ല്‍ 32-ആമത്തെ വയസ്സില്‍ കുന്നംകുളത്തു നിന്നു ഏകദേശം 32 കി.മീ. അകലെയുള്ള പറവൂര്‍ എന്ന സ്ഥലത്തേക്ക് തന്റെ പ്രവര്‍ത്തനവും താമസവും മാറ്റി. ഇതിനകം അദ്ദേഹം അറിയപ്പെടുന്ന ഒരു പ്രഭാഷകനും അദ്ധ്യാപകനും ആയി തീര്‍ന്നതു മൂലം ധാരാളം കണ്‍വെന്‍ഷന്‍ വേദികളിലെക്കു ക്ഷണം ലഭിച്ചു. 1898-ല്‍ 31-ആമത്തെ വയസ്സില്‍ ക്രിസ്തീയ സ്നാനം എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു. മുതിര്‍ന്ന സ്നാനം(Anabaptism) എന്ന പേരില്‍ എന്നറിയപ്പെടുന്ന സ്നാനത്തെ സാധൂകരിച്ചു കൊണ്ടു മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ പുസ്തങ്ങളില്‍ ഒന്നായി ഇതു കരുതപ്പെടുന്നു. നാളുകള്‍ക്കു ശെഷം 1906-ല്‍, 39-ആമത്തെ വയസ്സില്‍ നാഗല്‍ തൃശൂര്‍ നഗര പ്രാന്തത്തിലുള്ള നെല്ലിക്കുന്നത്തു കുറേ സ്ഥലം വാങ്ങി ഒരു അനാഥശാലയും വിധവാ മന്ദിരവും ആരംഭിച്ചു. ആ മിഷന്‍ കേന്ദ്രത്തിനു 'റഹബോത്ത്' എന്നാണു നാമകരണം ചെയ്തത്. ഈ അനാഥശാല നൂറുവര്‍ഷത്തിലേറെയുള്ള സേവന പാരമ്പര്യത്തോടെ ഇപ്പോഴും നിലനില്‍ക്കുന്നു.

അവസാനകാലം
1914-ല്‍ 47-ആമത്തെ വയസ്സില്‍, ജന്മദേശം ഒന്നു സന്ദര്‍ശിച്ച് ആറു മാസം കഴിഞ്ഞ് തിരിച്ചു വരാമെന്നുള്ള ആശയോടെ രണ്ട് മക്കളുമായി നാഗല്‍ ജര്‍മ്മനിയിലെക്ക് പൊയി. രണ്ടു മക്കളെ ഉപരിപഠനത്തിനു വേണ്ടി ഇംഗണ്ടിലാക്കിയിട്ടു മടങ്ങാനായിരുന്നു പദ്ധതി. പക്ഷെ ആ സമയത്ത് ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടതിനാല്‍ തിരിച്ചു വരവ് സാദ്ധ്യമായില്ല. അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരാനുളള അനുമതിയും നിഷേധിക്കപ്പെട്ടു. 1914-ല്‍ തന്നെ അദ്ദേഹം നിഷ്പക്ഷരാജ്യമായ സ്വിറ്റ്സ്വര്‍ലാന്റില്‍ അഭയം നേടി. ഭാര്യ ഹാരിയറ്റും മൂന്നു മക്കളും കേരളത്തില്‍, മൂത്ത രണ്ടു മക്കള്‍ ഇംഗണ്ടില്‍. കേരളത്തിലേക്കു വരാന്‍ സാധിക്കാത്തതില്‍ ഏറെ ദുഃഖിതനായിരുന്നു അദ്ദേഹം.

ഞാന്‍ എന്റെ രാജ്യത്തായിരുന്നുവെങ്കില്‍, നിയമ പ്രകാരം ജര്‍മ്മനിയുടെ വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിതനാവുമായിരുന്നു. ഇംഗ്ലണ്ടോ ജര്‍മ്മനിയോ ജയിക്കേണ്ടതെന്നും രണ്ടു കൂട്ടരും ദൈവത്തിന്റെ ശിക്ഷണത്തിനു വിധേയരാകണമോ എന്നും നിശ്ചയിക്കെണ്ടതു ഞാനല്ല ദൈവമാണ്. എന്റെ രാഷ്ട്രീയം ദൈവരാജ്യത്തിന്റെ രാഷ്ട്രീയമായതു കൊണ്ട് ജര്‍മ്മന്‍ സാമ്രാജ്യം തവിടു പൊടിയായാലും ക്രിസ്തുവിന്റെ ശിഷ്യനെന്ന നിലയില്‍ എനിക്കതില്‍ ഏതുമില്ല.
ജര്‍മ്മനിയിലുള്ള അനേക സുവിശേഷവേലക്കാര്‍ യുദ്ധത്തിന്റേയും വാളിന്റേയും സേവനത്തില്‍ മരിച്ചു. എന്തൊരു അജ്ഞത? ഭീകരമായ അടിമത്തം! യൂറോപ്പിലെ ക്രൈസ്തവരാണ്‌ ക്രൂരമായ ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍. യേശുക്രിസ്തുവിലുള്ള പൂര്‍ണ്ണമായ സൗന്ദര്യം കണ്ടെത്തേണ്ടതിനു പകരം, അവരിപ്പോഴും പഴയനിയമത്തിന്റെ ആശയങ്ങളീലാണ്‌ പൂണ്ടു കിടക്കുന്നത്. അതു കൊണ്ട് ക്രിസ്ത്യാനിയും യുദ്ധവും എന്ന പേരില്‍ ജര്‍മ്മന്‍ ഭാഷയില്‍ ഞാനൊരു പുസ്തകം എഴുതിയത് അച്ചടിച്ചു കൊണ്ടിരിക്കുന്നു.
സ്വിറ്റ്സര്‍ലാന്‍ഡിലുള്ള എന്റെ താമസത്തിന്റേയും വേലയുടേയും ഫലമായി വിലപ്പെട്ട അനേകം ആത്മാക്കളെ ദൈവം എനിക്കു തന്നു. അതാണു വലിയൊരു ആശ്വാസം. എന്നാല്‍ ഇന്ത്യയിലുള്ള നിങ്ങളാണു എന്റെ വില തീരാത്ത നിധികള്‍. അതു കൊണ്ട് അവിടെയാണു എന്റെ ഹൃദയവും ആകാംക്ഷയും ഇരിക്കുന്നത്. വാഗ്ദാനപ്രകാരം നിങ്ങളോടൊപ്പമെത്തി സ്നേഹത്തിന്റെ മധുരിമ അനുഭവിപ്പാനും സംസര്‍ഗ്ഗസുഖം ആസ്വദിപ്പാനും പ്രയത്നിപ്പാനും അവന്റെ വരവിനു കാലതാമസമുണ്ടെങ്കില്‍ എന്റെ പ്രിയമുള്ള ഇന്ത്യയിലും ഇന്ത്യന്‍ ജനതയ്ക്കു വേണ്ടിയും മരിപ്പാനുള്ള എന്റെ ആഗ്രഹം അവന്‍ നിറവേറ്റട്ടെ.
പറവൂര്‍ സഭയിലെ വാത്സല്യഭാജനങ്ങളായ കൂട്ടു വിശ്വാസികള്‍ക്കു സ്നേഹസലാം ചൊല്ലിക്കൊണ്ടു കര്‍ത്താവില്‍ നിങ്ങളുടെ സഹോദരന്‍ വി. നാഗല്‍”

ഈ കത്ത് എഴുതി അധികനാള്‍ കഴിയുന്നതിനു മുമ്പ് നാഗല്‍ പക്ഷവാതരോഗബാധിതനായി. 1921 മെയ് 12-ആം തീയതി ജന്മസ്ഥലമായ ജര്‍മ്മനിയില്‍ നാഗല്‍ അന്തരിച്ചു.

നാഗല്‍ സായിപ്പിന്‍റെ ഗാനങ്ങള്‍
കേരളത്തില്‍ വന്നു മിഷനറി പ്രവര്‍ത്തനം ലക്‌ഷ്യമാക്കി നാഗല്‍ സായിപ്പ് മലയാളം പഠിച്ചു എന്നു മാത്രമല്ല അതില്‍ പ്രാവീണ്യം ഉള്ളവനുമായി തീരുകയും ചെയ്തു. ചെറുപ്പം മുതല്‍ തന്നെ പാട്ടുകള്‍ ഈണത്തില്‍ പാടാനും ജര്‍മ്മന്‍ ഭാഷയില്‍ കൊച്ചു കൊച്ചു ഗാനങ്ങള്‍ എഴുതാനും നാഗല്‍ സായിപ്പ് താത്പര്യംപ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വാസന മലയാള ഗാനരചനയ്ക്ക് അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങള്‍ അവലംബിച്ച് ഉപദേശ നിഷ്ഠയില്‍ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവര്‍ദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. അതൊക്കെ ഇപ്പോള്‍ സഭാവ്യത്യാസം കൂടാതെ കേരള ക്രൈസ്തവര്‍ അവരുടെ ആരാധനകളില്‍ ഉപയോഗിക്കുന്നു.

അദ്ദേഹത്തിന്‍റെ പ്രശസ്തമായ ചില മലയാള ക്രൈസ്തവ ഗാനങ്ങള്‍ താഴെ പറയുന്നവ ആണ്‌.

Comments