Home‎ > ‎Composers & Musicians‎ > ‎

റവ. തോമസ്‌ കോശി (ആത്മോപകാരി അച്ചന്‍)

rev. thomas koshy (athmopakari achan)
കേരളത്തിലെ കൊല്ലം ജില്ലയില്‍ കല്ലട എന്ന ദേശത്തിലെ മുക്കടവില്‍ എന്ന കുടുംബത്തില്‍ 1857 മേയ് 15 നു ജനിച്ചു. ആദ്യം ലണ്ടന്‍ മിഷണറി സൊസൈറ്റിയിലെ സുവിശേഷകനായിരുന്ന അദ്ദേഹം പില്‍ക്കാലത്ത്‌ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പുതുപ്പള്ളി, മാവേലിക്കര, തിരുവല്ല എന്നീ സ്ഥലങ്ങളിലായി അദ്ദേഹം തന്‍റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1881-ല്‍ കോട്ടയം കോളേജില്‍ നിന്നും മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായ അദ്ദേഹം, തിരുവിതാംകൂര്‍ ആംഗ്ലിക്കന്‍ ആര്‍ച്ച് ഡയോസിസിന്‍റെ ആദ്യ ബിഷപ്പായിരുന്ന, ബിഷപ്പ് സ്പീച്ച്ലിയുടെ സെക്രട്ടറിയായി. രണ്ട് വര്‍ഷത്തിനു ശേഷം തൃശ്ശൂര്‍ മിഷന്‍റെ റൈറ്റര്‍ ആയ അദ്ദേഹം 1891 വരെ ആ പദവിയില്‍ തുടര്‍ന്നു. അതിനു ശേഷം ഒരു വര്‍ഷം സുവിശേഷകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം തുടര്‍ന്ന് വേദപഠനത്തിനായി കോട്ടയത്തെ കേംബ്രിഡ്ജ് നിക്കോള്‍സണ്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു.

1895 മാര്‍ച്ച് 24ന് തൃശ്ശൂര്‍ ഓള്‍ സെയിന്‍റ്സ് ചര്‍ച്ചില്‍ വെച്ച് അദ്ദേഹത്തെ സി.എം.എസ്. സഭയിലെ ദിയാക്കോന്‍ ആയി അഭിഷേകം ചെയ്തു. 1896 ഒക്ടോബര്‍ 19-)൦ തിയതി അദ്ദേഹം ഒരു പുരോഹിതനായിത്തീര്‍ന്നു. സഭയിലെ ഉണര്‍വ്വ് മുന്നേറ്റങ്ങളെ അദ്ദേഹം വളരെയധികം പിന്തുണച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന മാര്‍ത്തോമ്മാ സഭയിലെ ചെറുകക്കാശ്ശേരി അച്ചനും റവ. കോശിയും ചേര്‍ന്ന് കുന്നംകുളം, ചിറ്റൂര്‍, പട്ടാമ്പി എന്നീ സ്ഥലങ്ങളിലെ അനേക ഭവനങ്ങള്‍ സന്ദര്‍ശിച്ചു. ഉണര്‍വ്വ് മുന്നേറ്റങ്ങളെ പിന്തുണച്ചിരുന്നെങ്കിലും തന്‍റെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മിതത്വം പാലിച്ചിരുന്നു. അദ്ദേഹമായിരുന്നു തൃശ്ശൂര്‍ വൈ.എം.സി.എ. യുടെ സ്ഥാപകന്‍. കുന്നംകുളം, ആലപ്പുഴ, തലവടി, പള്ളം എന്നീ പ്രദേശങ്ങളിലെ സി.എം.എസ്. സഭകളില്‍ അദ്ദേഹം വികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1929 ജനുവരി 27 ന് അദ്ദേഹം സജീവ സഭാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിരമിച്ചു.

മാര്‍ത്തോമ്മാ സഭയുടെ ഒരു അടുത്ത സുഹൃത്തായിരുന്നു റവ. കോശി. തിരുവല്ലയിലായിരുന്നപ്പോള്‍ പുഞ്ചമണ്ണില്‍ മാമ്മന്‍ ഉപദേശിയും ആഞ്ഞിലത്താനം വര്‍ക്കി ആശാനുമായി ചേര്‍ന്ന് അദ്ദേഹം മാര്‍ത്തോമാ സഭകളില്‍ സുവിശേഷ യോഗങ്ങള്‍ നടത്തുമായിരുന്നു. 1903 ലെ മാരാമണ്‍ കണ്‍വെന്‍ഷനിലെ മുഖ്യപ്രാസംഗികന്‍ റവ. കോശി ആയിരുന്നു. ആളുകള്‍ അദ്ദേഹത്തെ കിഴക്കിന്‍റെ 'മൂഡി' എന്ന് വിളിച്ചു പോന്നു. ഒരിക്കല്‍ തിരുവല്ലയ്ക്കടുത്തുള്ള ആനപ്രാമ്പല്‍ ക്ഷേത്രത്തിനു സമീപം വെളിയോഗം നടത്തികൊണ്ടിരുന്ന അച്ചനെയും കൂടെയുള്ളവരെയും കോപം മൂത്ത ക്ഷേത്ര അധികാരികള്‍ കല്ലെറിഞ്ഞു. ചോരയൊലിച്ചു കൊണ്ട് വീട്ടില്‍ വന്നു കയറിയ അച്ചന്‍ പ്രാര്‍ഥിക്കാന്‍ ആരംഭിച്ചു. പെട്ടന്ന് ക്ഷേത്രത്തിലെ ആന ബാധ കയറിയതു പോലെ നിയന്ത്രണം വിട്ട് ഓടിത്തുടങ്ങി. പ്രശ്നം വയ്പ്പിച്ച് നോക്കിയപ്പോള്‍ അച്ചനെ കല്ലെറിഞ്ഞതാണ് കാരണം എന്ന് കണ്ടെത്തി. ക്ഷേത്ര അധികാരികള്‍ അച്ചനോട് മാപ്പപേക്ഷിക്കുകയും ആനയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണം എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. 

ഇംഗ്ലീഷിലും മലയാളത്തിലും അഗാധപാണ്ഡിത്യം ഉള്ള ഒരു വ്യക്തിയായിരുന്നു റവ. കോശി. "ആത്മോപകാരി" എന്ന ക്രിസ്തീയ മാസികയുടെ സ്ഥാപക എഡിറ്റര്‍ ആയിരുന്ന അദ്ദേഹം 40 വര്‍ഷക്കാലം ആ മാസിക പ്രസിദ്ധീകരിച്ചു. അദ്ദേഹം രചിച്ചതും വിവര്‍ത്തനം ചെയ്തതുമായ അനവധി ഗാനങ്ങളുണ്ട്. പുസ്തകങ്ങളെ വളരെയധികം സ്നേഹിച്ച ഒരു വ്യക്തിത്വമായിരുന്നു അച്ചന്‍റെത്.

കോശി അച്ചന്‍റെ ഭാര്യ അച്ചാമ്മ (മാവേലിക്കര റവ. പി. എം. വറുഗീസ് ന്‍റെ മകള്‍) 1919 ജനുവരി 27 ന് തിരുവല്ലയില്‍ വെച്ച് മരണമടഞ്ഞു. എല്ലാ സഭാ വിഭാഗങ്ങള്‍ക്കും അഭിമതനായിരുന്ന അച്ചന്‍ 1940 ജൂണ്‍ 8 ന് തന്‍റെ 83-)മത്തെ വയസ്സില്‍ സ്വര്‍ഗ്ഗഭവനത്തിലേക്ക് വിളിക്കപ്പെട്ടു. 

അച്ചന്‍ രചിച്ചതും വിവര്‍ത്തനം ചെയ്തതും ആയ ഗാനങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു.
Comments