Home‎ > ‎Composers & Musicians‎ > ‎

പാസ്റ്റര്‍ സാം റ്റി. മുഖത്തല

Pastor Sam T Mukhathala from http://www.beljourn.com/article_story/and-the-original-became-duplicate/355/
ഹൃദയ സ്പര്‍ശിയായ ഗാനരചനകൊണ്ടും തനതായ ശൈലികൊണ്ടും ശ്രദ്ധേയനാണ് അനുഗ്രഹീത പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റര്‍ സാം റ്റി മുഖത്തല. ജീവിതാനുഭങ്ങളില്‍നിന്ന് പിറവിയെടുക്കുന്ന അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ വരികളിലേ ലാളിത്യംകൊണ്ടും ആലാപനസൗകുമാര്യംകൊണ്ടും ഏവരുടെയും ഹൃദയം കവരുന്നവയാണ്. തന്‍റെ ജീവിതത്തിനു നേര്‍ക്കു പിടിച്ച കണ്ണാടിയാണ് തന്‍റെ ഗാനങ്ങളെന്ന് അദ്ദേഹം അനുസ്മരിക്കുന്നു.




എന്നിങ്ങനെ മലയാളി ക്രൈസ്തവര്‍ പാടി ആശ്വസിക്കുന്ന നിരവധി ഗാനങ്ങള്‍ പാസ്റ്റര്‍ സാം റ്റി. മുഖത്തലയുടെ തൂലികയില്‍ നിന്നും പിറവി എടുത്തതാണ്. 
സംഗീതവുമായി മറ്റ് ബന്ധങ്ങളൊന്നുമില്ലാത്ത തനിക്ക് സ്വന്തം ജീവിതാനുഭവങ്ങളും, ദൈവാത്മനിയോഗവുമാണ് ഓരോ ഗാനരചനക്കും പ്രചോദനമായി തീരുന്നത്. 1996ല്‍ തനിക്ക് തീച്ചൂളയുടെ അനുഭവങ്ങള്‍ നേരിടേണ്‍ടതായിവന്നു. വാഹനാപകടത്തെതുടര്‍ന്ന് ആശുപത്രികിടക്കയില്‍ വെച്ച് സങ്കടവും നിരാശയും നിറഞ്ഞ മനസ്സോടെ നിസഹയതയോടെ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയാണ് പിന്നീട് കണ്ണുനീര്‍ എന്നുമാറുമോ വേദനകള്‍ എന്നുതീരുമോ' എന്ന ഗാനമായി മാറ്റപ്പെട്ടത്. ഈ ഗാനം പലവേദികളിലും ആലപിക്കുമ്പോള്‍ ദൈവസ്‌നേഹത്താല്‍ പലരുടെയും കണ്ണുകള്‍ നിറയപ്പെടുന്നതും, ദൈവിക സാന്നിധ്യം കൊണ്‍ട് നിറയുന്നതും, പലരും സമര്‍പ്പിക്കപ്പെടുന്നതുമൊക്കെ നിരവധി തവണ നേരില്‍ കാണുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്‍ട്. എന്നാല്‍ വിശ്വാസ സമൂഹം ഈ ഗാനം ഏറ്റുപാടുവാന്‍ തുടങ്ങിയപ്പോള്‍ തനിക്ക് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്‍ടിവന്നതായും പാസ്റ്റര്‍ സാം സമ്മതിക്കുന്നു. കൂടുതലും അഭിവൃദ്ധിയുടെ സുവിശേഷകരില്‍നിന്നും. കണ്ണുനീര്‍ എന്നുമാറുമോ എന്ന തന്‍റെ ഈ ഗാനം ആലപിക്കരുതെന്ന് പൊതുമീറ്റിംങ്ങുകളില്‍ പോലും പലരും പറയുന്നത് കേട്ടിട്ടുണ്ട്.

സമൃദ്ധിയുടെയും അഭിവൃദ്ധിയുടെയും വാക്കുകള്‍ മാത്രം കേട്ടു ശീലിച്ചവര്‍ക്ക് ഒരുപക്ഷെ വേദനകളും ദുഃഖങ്ങളും കഷ്ടപ്പാടിന്‍റെ നാളുകളും ഒന്നും മനസ്സിലായില്ലെന്നുവരാം. എന്നാല്‍ കേരളത്തിലെ വിശ്വാസ സമൂഹം ഈ ഗാനത്തിന്‍റെ വരികള്‍ ഏറ്റുപാടി. അനേകരുടെ ജീവിതത്തെ സ്വാധീനിച്ച ഈ ഗാനം ഹിന്ദി, നേപ്പാളി, തമിഴ്, തെലുങ്ക്, ഉര്‍ദു തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു. ഈ ഗാനത്തിന്‍റെ വരികള്‍ക്ക് തങ്ങളുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് പറഞ്ഞവര്‍ നിരവധി ആണ്. 

ഏകാന്തതയിലും, ദൈവവചന കേള്‍വിയിലും, വചനപഠനത്തിലും ഒക്കെ ആയിരിക്കുമ്പോള്‍ ആണ് ഗാനങ്ങള്‍ മനസില്‍ വരിക. ഒരു ഗാനത്തിന്‍റെ വരികളാണോ ഈണമാണോ ആദ്യമേ ലഭിക്കുക എന്നു ചോദിച്ചാല്‍ 'രണ്ടും ഒരുമിച്ച്' എന്നായിരിക്കും ഇദ്ദേഹത്തിന്‍റെ മറുപടി. ഒരിക്കല്‍ ഒരു സുവിശേഷയോഗത്തില്‍ പങ്കെടുത്തപ്പോള്‍, യോഗത്തിന് നേതൃത്വം നല്‍കിയ വ്യക്തി ദൈവത്തെ ശബ്ദം ഉയര്‍ത്തി സ്തുതിക്കുന്നതിനെയും കൈകള്‍ അടിച്ച് ആരാധിക്കുന്നതിനെയും എതിര്‍ത്ത് സംസാരിക്കുന്നത് കേട്ടു. ഈ സമയത്ത് ദൈവത്മാവ് പാസ്റ്റര്‍ സാമിന്‍റെ ഹൃദയത്തോട് വ്യക്തമായി സംസാരിച്ചു. 'കഴിഞ്ഞകാല പ്രതികൂലത്തിന് നടുവില്‍ ദൈവം വിടുവിച്ചത് ഓര്‍ത്താല്‍ ദൈവത്തെ ആരാധിക്കാതിരിക്കുവാന്‍ കഴിയുമോ? ദൈവം ചെയ്ത നന്മകളെ ഓര്‍ത്തുകൊണ്ട് സ്തുതിക്കാതിരിക്കുവാന്‍ കഴിയുമോ?' ആരാധിക്കുവാന്‍ മറ്റുള്ളവര്‍ക്ക് ഒരുകാരണവും ഇല്ലെങ്കിലും എനിക്ക് ദൈവത്തെ ആരാധിക്കുവാന്‍ കാരണമുണ്ട് എന്ന ചിന്തയാണ് പിന്നീട് 'ആരാധിപ്പാന്‍ എനിക്ക് കാരണമുണ്ട്.. കൈകൊട്ടി പാടാന്‍ ഏറെ കാരണമുണ്ട്...'എന്ന ഗാന രചനയിലേക്ക് അദ്ദേഹത്തേ നയിച്ചത്. 

മുമ്പ് വിമര്‍ശനസ്വരം ഉയര്‍ത്തിയവര്‍ പോലും പിന്നീട് ഈ ഗാനം പാടി ആരാധിക്കുമ്പോള്‍ ഇദ്ദേഹം ദൈവത്തെ മഹത്വപ്പെടുത്തുന്നു. തന്‍റെ ഗാനങ്ങള്‍ എല്ലാം ദൈവാത്മ പ്രചോദനത്താല്‍ എഴുതുന്നവയാണെന്നാണ് പാസ്റ്റര്‍ സാമിന്‍റെ അഭിപ്രായം.

ഇന്‍റര്‍നെറ്റിലൂടെയും യൂട്യൂബിലൂടെയും വളരെയേറെ പ്രചാരം നേടിക്കൊണ്‍ടിരിക്കുന്ന ഗാനമാണ് 'നഷ്ടങ്ങളിലും പതറിടരുതെ കണ്ണുനീരിലും തളര്‍ന്നിടരുതെ... എന്നത്. അനേകരെ ആത്മാവില്‍ ബലപ്പെടുത്തുകയും ധൈര്യപ്പെടുത്തുകയും ചെയ്ത സാക്ഷ്യം കേള്‍ക്കുവാന്‍ കഴിയും. 
ക്രൈസ്തവ ഗാനരചനാരംഗത്തും സാഹിത്യരംഗത്തും ചുരുങ്ങിയ കാലത്തെ പരിചയമേ തനിക്ക് ഉള്ളൂവെങ്കിലും ഈ മേഖലയിലും മോഷണങ്ങള്‍ സജീവമാണെന്ന് പാസ്റ്റര്‍ ഓര്‍മ്മപ്പെടുത്തുന്നു. 

ക്രൈസ്തവ സാഹിത്യരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ പാസ്റ്റര്‍ സാം ടി. മുഖത്തലക്ക് കഴിഞ്ഞിട്ടുണ്ട്. തന്‍റെ ലേഖനങ്ങളും കഥകളും കവിതകളുമൊക്കെ 1993 മുതല്‍ മലയാളികള്‍ക്ക് പരിചിതമാണ്. ഏകദേശം 62 ഓളം ഗാനങ്ങള്‍ ജീവിതാനുഭവങ്ങളില്‍ ചാലിച്ച് രചിക്കുവാനും ദൈവം ഇദ്ദേഹത്തെ സഹായിച്ചു. തന്‍റെ ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഭാര്യ ലിസിയും മക്കളായ അക്‌സയും ആഷേറും ഒപ്പമുണ്ട്
Comments