മുട്ടം ഗീവര്‍ഗീസ് (പാസ്റ്റര്‍. ജോണ്‍ വര്‍ഗ്ഗീസ്) എന്ന കര്‍ത്തൃദാസനെ കേരളത്തിലെ ദൈവമക്കള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. നാവില്‍ തുളുമ്പുന്ന ആത്മനിറവിന്‍ ഗാനങ്ങള്‍ ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ചത് കൂടാതെ യുവത്വത്തെ തോല്പ്പിക്കുന്ന ഊര്‍ജ്ജ്വസ്വലതയോടെ കേരളത്തിലെ കണ്‍വന്‍ഷന്‍ വേദികളില്‍ നിറസാന്നിദ്ധ്യമാണ് അദ്ദേഹം. 87-)o വയസ്സിലും വെളുപ്പിന് 2.30ന് എഴുന്നേറ്റ് ബൈബിള്‍ വായനയും പഠനവും പ്രാര്‍ത്ഥനയുമൊക്കെയായി ദിനചര്യകളിലേക്ക് പ്രവേശിക്കുന്ന അദ്ദേഹം അടുത്തറിയാവുന്ന ഏവര്‍ക്കുമൊരു വിസ്മയമാണ്. ആറായിരത്തിലേറെ പേരെ സ്‌നാനപ്പെടുത്തിയ, ഇന്നും ലളിത ജീവിതവും ജീവിത ശൈലിയും പുലര്‍ത്തുന്ന അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ മലയാളികള്‍ ഉള്ളിടത്തെല്ലാം പ്രസിദ്ധമാണ്. "അഴലേറും ജീവിതമരുവില്‍", "സ്‌തോത്രഗീതം പാടുക നീ മനമേ...", "പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നെ...", "വീണ്ടെടുക്കപ്പെട്ട കൂട്ടമേ...", "ഭാഗ്യനാട്ടില്‍ പോകും ഞാന്‍ എന്‍റെ ഭാഗ്യനാട്ടില്‍ പോകും ഞാന്‍...", "എന്താനന്ദം എനിക്കെന്താനന്ദം...", "ഉണര്‍വ്വരുള്‍ക ഇന്നേരം ദേവാ...", തുടങ്ങിയ പ്രത്യാശാ നിര്‍ഭരമായ ഗാനങ്ങള്‍ ഇദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്നും അടര്‍ന്നു വീണതാണ്. അദ്ദേഹത്തിന്‍റെ ജീവിതയാത്രയെക്കുറിച്ച് അദ്ദേഹം തന്നെ ദിജിഎംന്യൂസ്[External site] പ്രതിനിധിയോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: വിശ്വാസ ജീവിതത്തിലേക്ക് നയിച്ച സാഹചര്യം... ‘കുടുംബത്തിലെ ഇളയമകനായിരുന്നു ഞാന്‍. പിതാവ് മുന്‍സിഫ് കോര്‍ട്ടിലെ ആമിനും മര്‍ത്തോമ്മ സഭയിലെ സെക്രട്ടറിയും ട്രഷററുമൊക്കെ ആയിരുന്നു. സുഖസൗകര്യങ്ങള്‍ ഉള്ള വീടായിരുന്നു എന്റേത്. ജേഷ്ഠന്‍ പോലീസ് ഇന്‍സ്‌പെക്ടറും സഹോദരിമാര്‍ ജോലിക്കാരും ആയിരുന്നു. വേലക്കാരായി 9 പേര്‍ വീട്ടിലുണ്ടായിരുന്നു. കുടുംബത്തിലെ ഇളയമകനായതുകൊണ്ട് എനിക്ക് അമിത സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ഞാന്‍ കൊച്ചുകുഞ്ഞായിരുന്നു. 'കൊച്ചുകുഞ്ഞ്' എന്നാണ് എല്ലാവരും എന്നെ വിളിച്ചിരുന്നത്. അതിന്‍റെ ഫലമായി എന്‍റെ ജീവിതം പാപത്തിലേക്ക് വഴുതിപ്പോയി. വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും നിരാശ എന്നെ പിടികൂടി. ഒരിക്കല്‍ ഞാന്‍ വീട് വിട്ട് ഇറങ്ങി. വീട്ടില്‍ നിന്നും കുറച്ചു പണവും കൈക്കലാക്കിയിരുന്നു. പത്തൊന്‍പതാം വയസ്സില്‍ ജീവിതത്തിന്‍റെ വിലയെന്തെന്ന് അറിയാതെ ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന ചിന്ത ആയിരുന്നു എനിക്ക്. മൂവാറ്റുപുഴയില്‍ ചെന്നു ഒരു മുറി വാടകയ്ക്ക് എടുത്തു. വെളളപ്പൊക്ക സമയമായിരുന്നു അത്. രാവിലെ തന്നെ മുറിയും പൂട്ടി പാലത്തിന്‍റെ നടുവില്‍ വന്നു. ആറ്റില്‍ വെള്ളം ഇരച്ചു ഒഴുകുകയാണ്. ഞാന്‍ ചാടുവാന്‍ ആഞ്ഞപ്പോള്‍ എന്‍റെ ഷര്‍ട്ടിന്‍റെ പുറകില്‍ ആരോ വലിക്കുന്നതായി തോന്നി. ഞാന്‍ പുറകോട്ട് തിരിഞ്ഞുനോക്കി. ആരും ഇല്ല. ഒരു വട്ടം കൂടി ചാടുവാന്‍ തുടങ്ങിയപ്പോഴും എന്‍റെ പിറകില്‍ കോളറില്‍ പിടിച്ച് എന്നെ ആരോ വലിക്കുന്നതായി തോന്നി. അതു ദൈവത്തിന്‍റെ കരം തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.' 'മറ്റൊരു ദിവസം തൊടുപുഴ ആറിന് സമീപത്തുള്ള തോട്ടത്തില്‍ 300 അടിയോളം ഉയരമുള്ള പാറയുണ്ട്. ഒരു തരത്തില്‍ ആ പാറയുടെ മുകളില്‍ ചെന്നു താഴേക്കു ചാടുവാന്‍ റെഡിയായി നില്‍ക്കുമ്പോള്‍ പാറയുടെ പോട്ടില്‍ നിന്നും ഒരു ചേരപാമ്പ് ഇറങ്ങിവരുന്നു. ഒരു മഞ്ഞ നിറമുള്ള ചേര. പാമ്പിനെ കണ്ട് ഞാന്‍ പേടിച്ചു എന്നെ കണ്ട് പാമ്പും പേടിച്ചു... അത് എന്‍റെ ചുറ്റും കിടന്ന് ഓടുവാന്‍ തുടങ്ങി. എന്‍റെ ധൈര്യമെല്ലാം ചോര്‍ന്ന് പോയി. അങ്ങനെ 28 ദിവസത്തിന് ശേഷം ഞാന്‍ വീട്ടിലെത്തി. അതുവരെ അമ്മ ഭക്ഷണം കഴിച്ചിരുന്നില്ല. എന്‍റെ മകനെ എപ്പോള്‍ തിരികെ കൊണ്ടു വരുന്നുവോ അപ്പോള്‍ മാത്രമേ ഞാന്‍ ഭക്ഷം കഴിക്കുകയുള്ളൂ എന്ന പ്രതിജ്ഞയിലായിരുന്നു എന്‍റെ മാതാവ്. മാതാവിന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടു.' ദൈവ ശബ്ദത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നു... 'വീട്ടില്‍ തിരികെ വന്നുവെങ്കിലും ആത്മഹത്യ ചിന്ത എന്നില്‍ നിന്നും വിട്ടുമാറിയില്ല. വീട്ടില്‍ വന്ന് അഞ്ച് ദിവസം കഴിഞ്ഞ് അപ്പച്ചന്‍ തിരുവനന്തപുരം ഹൈക്കോര്‍ട്ടില്‍ പോയി. 7 ദിവസം കഴിഞ്ഞ് മടങ്ങിവരികയുള്ളൂ. അന്ന് വീട്ടില്‍ രണ്ട് വേലക്കാരികളും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. രാത്രി പതിനൊന്നു മണിക്ക് തൊഴുത്തില്‍ പോയി ഒരു കയര്‍ അഴിച്ചു കൊണ്ടുവന്നു. അമ്മ നല്ല ഉറക്കത്തിലാണ്. മേശമേല്‍ സ്റ്റൂള്‍ എടുത്തുവെച്ച് കുരുക്കിട്ടു സ്റ്റൂള്‍ തട്ടുവാന്‍ കാല്‍പൊക്കിയപ്പോള്‍ "മകനേ" എന്നൊരു വിളി ഞാന്‍ കേട്ടു. കാലുകള്‍ വിറയ്ക്കുവാന്‍ തുടങ്ങി. വെപ്രാളം കൊണ്ട് മുറി തുറന്ന് നോക്കി. ആരും ഇല്ല. അമ്മ എന്നെ വിളിച്ചാല്‍ "മോനേ" എന്നാണ് വിളിക്കുക. അടുക്കളക്കാരികളും അങ്ങനെയാണ് വിളിക്കുന്നത്. "മകനേ" എന്ന് വിളിച്ചത് ആരാണെന്ന് എനിക്ക് മനസ്സിലായില്ല. അന്ന് ആദ്യമായി കട്ടിലിന്‍റെ അരികില്‍ ഞാന്‍ മനസ്സോടെ ഒന്നു മുട്ടു മടക്കി പ്രാര്‍ത്ഥിച്ചു. കയറിക്കിടന്നു ശാന്തമായി ഉറങ്ങി. ഞാന്‍ ഉറങ്ങുമ്പോഴും കുരുക്കിട്ട കയര്‍ അവിടെ കിടന്നു ആടുകയായിരുന്നു. വെളുപ്പിനെഴുന്നേറ്റ് ഞാന്‍ കയര്‍ അഴിച്ചുമാറ്റി.' ദൈവഭൃത്യനില്‍കൂടെ കേട്ട പ്രവചന ശബ്ദം... 'എന്‍റെ ആത്മഹത്യാ ശ്രമം പരാജയപ്പെട്ടു രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് പെന്തക്കൊസ്റ്റര്‍ ഞങ്ങളുടെ വീടിന്‍റെ അടുത്ത് വന്നിരിക്കുന്നു എന്നത് കേട്ടത്. അവരെ അതുവരെയും കണ്ടിട്ടില്ല. അവരുടെ ശബ്ദവും കേട്ടിട്ടില്ല. അന്ന് വൈകുന്നേരം കടയില്‍ പോയി തിരികെ വരുമ്പോള്‍ ഒരു വീടിന്‍റെ മുമ്പില്‍ എട്ടോ പത്തോ ആളുകള്‍ കൂടിയിരിക്കുന്നു. അതിന്‍റെ നടുവില്‍ ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റു നിന്ന് പ്രസംഗിക്കുകയാണ്. ഒരു സ്റ്റൂളിന്‍റെ മുകളിലാണ് ബൈബിള്‍ വെച്ചിരിക്കുന്നത്. ഞാന്‍ റോഡ് സൈഡില്‍ മറഞ്ഞു നില്‍ക്കുകയാണ്. എന്നെ അവര്‍ക്ക് കാണുവാന്‍ കഴിയില്ല. പെട്ടെന്ന് പ്രസംഗിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍ എന്‍റെ നേരെ കൈ ചൂണ്ടി “അല്ലയോ യൗവ്വനക്കാരാ നീ ജീവിത നിരാശകൊണ്ടും ലക്ഷ്യമില്ലായ്മ കൊണ്ടും നിന്നെത്തന്നെ നശിപ്പിക്കുവാന്‍ തിരുമാനിച്ചപ്പോള്‍ ഞാന്‍ നിന്‍റെ മുറിയില്‍ വന്ന് നിന്നെ ഓമനപ്പേര്‍ ചൊല്ലി വിളിച്ചില്ലയോ" എന്നു ചോദിച്ചു. ഞാന്‍ നിന്നിരുന്നിടത്ത് നിന്നു ഞെട്ടി വിറച്ചു. ഇനി ഇവിടെ നില്‍ക്കുന്നത് പന്തിയല്ല എന്ന് മനസ്സിലായി. അവിടെ നിന്നും നടന്നു. പോകുന്ന കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ ശബ്ദം എനിക്കും കേള്‍ക്കാം.' '"നിന്‍റെ പേര്‍ സഭയില്‍ കണ്ടേക്കാം... നിന്‍റെ പേര്‍ സമൂഹത്തില്‍ ഉണ്ടായിരിക്കാം... എന്നാല്‍ നിന്‍റെ പേര് ജീവന്‍റെ പുസ്തകത്തിലുണ്ടോ..." കരഞ്ഞുകൊണ്ടാണ് വീട്ടില്‍ ചെന്നത്. എന്‍റെ കര്‍ത്താവേ എനിക്കൊന്നും അറിഞ്ഞുകൂട. വല്ലതും മനസ്സിലാക്കിത്തരണമേയെന്ന് അന്നു മനസ്സോടെ മുട്ടുമടക്കി പ്രാര്‍ത്ഥിച്ചു.' രാത്രിയിലെ സ്‌നാനം... '1945ന്‍റെ അവസാന ദിവസം ഞങ്ങളുടെ വീടിന്‍റെ സ്ഥലത്ത് ആരംഭിച്ച സിലോണ്‍ പെന്തക്കൊസ്റ്റ് മിഷന്‍ പ്രാര്‍ത്ഥന നടക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് ചില സഹോദരിമാര്‍ വീട്ടില്‍ വന്നിരുന്നു. അവര്‍ അമ്മച്ചിയുമായി സംസാരിച്ചിരുന്നു. പെന്തക്കൊസ്തുകാരുടെ യോഗത്തിന് പൊയ്‌ക്കോട്ടെയെന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. അപ്പച്ചന്‍ പള്ളി സെക്രട്ടറി ആയിരിക്കുമ്പോള്‍... അറിഞ്ഞാല്‍ വലിയ ബഹളം ഉണ്ടാകും എന്നു പറഞ്ഞു. ദൈവം എന്നെ വിളിച്ചിരിക്കുകയാണെന്ന് ഞാന്‍ അമ്മച്ചിയോട് പറഞ്ഞു. അന്ന് അവിടെ അവസാനയോഗം നടക്കുകയായിരുന്നു. ദൂരെ നിന്നും ആളുകള്‍ വന്നിട്ടുണ്ട്. അവര്‍ ദൈവവചനം എന്നോടു സംസാരിച്ചു. സ്‌നാനത്തിന്‍റെ ആവശ്യകതയെപ്പറ്റി പറഞ്ഞു. സമയം രാത്രി 11 മണി കഴിഞ്ഞു. എനിക്ക് ഇപ്പോള്‍ത്തന്നെ സ്‌നാനപ്പെടണമെന്ന് ഞാന്‍ പറഞ്ഞു. ഉടന്‍തന്നെ സ്‌കൂളില്‍ പഠിക്കാത്ത, മലയാളവും ഇംഗ്ലീഷും അറിയാത്ത ഒരു പെണ്‍കുട്ടി വ്യാകരണപ്പിശകില്ലാതെ എന്നോട് പ്രവചിച്ചു. എന്‍റെ വേലയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ മകനാണ് നീ എന്നായിരുന്നു പറഞ്ഞതിന്‍റെ അര്‍ത്ഥം. ഞാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് അവര്‍ എന്നെ സ്‌നാനപ്പെടുത്തുവാന്‍ തീരുമാനിച്ചു. രാത്രി പതിനൊന്നരയ്ക്ക് അവിടെ അടുത്തുള്ള കുളത്തില്‍ സ്‌നാനമേറ്റു. നനഞ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞുടുത്ത് യോഗത്തിനിരുന്നു. എന്‍റെ ഹൃദയത്തില്‍ ഭയങ്കര സന്തോഷമായി. തിരികെ വീട്ടില്‍ ചെല്ലുമ്പോള്‍ കുറുവടിയുമായി മുറ്റത്ത് നില്‍ക്കുന്നുണ്ട് അപ്പച്ചന്‍. ഞാന്‍ വെള്ളത്തില്‍ ചാടിയെന്ന വാര്‍ത്ത അപ്പച്ചനെ ആരോ അറിയിച്ചിരുന്നു. "നീ വെള്ളത്തില്‍ ചാടിയോ?" "ഞാന്‍ വെള്ളത്തില്‍ ചാടിയതല്ല ഞാന്‍ സ്‌നാനപ്പെട്ടതാണ്." "എന്താടാ, അതിന്‍റെ അര്‍ത്ഥം. നീ മാമ്മോദീസ ഏറ്റവനല്ലെ. നിന്‍റെ തല തല്ലിക്കീറും ഞാന്‍”എന്നു പറഞ്ഞു. "ഇന്ന് എന്‍റെ തല തല്ലിക്കീറി ജീവന്‍ പോയാലും ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും. ഇന്നലെ ആയിരുന്നുവെങ്കില്‍ പാതാളത്തിലും" എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ എന്‍റെ അപ്പച്ചനോട് തന്നെ ആദ്യത്തെ സാക്ഷ്യം പറയുവാന്‍ അവസരം കിട്ടി.' ആദ്യത്തെ പെന്തക്കൊസ്റ്റ് ആരാധനയ്ക്കായ്... 'ഞായറാഴ്ച ആരാധനയ്ക്കായ് ഞാന്‍ ചെല്ലുമ്പോള്‍ ചെറിയ ഷെഡ് തുറന്ന് പാസ്റ്റര്‍ പാ വിരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. ഞാന്‍ ചെന്ന് പായയിടുവാന്‍ കൂടി. ഞാന്‍ പയ ഇട്ടിടത്ത് അല്പം വിടവ് വന്നപ്പോള്‍ പാസ്റ്റര്‍ അപ്പച്ചന്‍ അവിടെ ഒരു തുണി ഇട്ടു മറച്ചു. ഷെഡ് നിറഞ്ഞ് ആളുകള്‍ കാണുമെന്നായിരുന്നു എന്‍റെ വിചാരം. ചില പാട്ടുകള്‍ പാടി കഴിഞ്ഞ് ഞാന്‍ ഇടം വലം നോക്കി. ആരും വന്നിട്ടില്ല. സങ്കീര്‍ത്തനം വായിച്ചു. വചനത്തില്‍ നിന്നും നല്ലൊരു പ്രസംഗവും ചെയ്തു. യോഗം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു "ഇവിടെ ആരും ഇല്ലേ?" പാസ്റ്ററുടെ മറുപടി ഇപ്രകാരമായിരുന്നു: "നീ ഇവിടുത്തെ ആദ്യഫലമാണ്". അത് ആ പ്രദേശത്ത് പുതിയ പ്രവര്‍ത്തനം ആരംഭിച്ച സിലോണ്‍ പെന്തക്കൊസ്റ്റ് മിഷന്‍റെ ആദ്യ ഞായറാഴ്ച ആരാധന ആയിരുന്നു. പിന്നെ വിടവു കിടന്നിടത്ത് എന്തിനാണ് എന്നെക്കൊണ്ട് തുണി വിരിപ്പിച്ചതെന്ന് പാസ്റ്ററോട് ഞാന്‍ ചോദിച്ചു. "എന്‍റെ കണ്ണ് വിശ്വാസത്തിന്‍റെ കണ്ണുകളാണ്. ആ കണ്ണുകൊണ്ട് ഞാന്‍ നോക്കുമ്പോള്‍ ഈ സഭാ ഹാള്‍ നിറയെ ആളുകള്‍ ഉണ്‍ട്." പാസ്റ്ററുടെ മറുപടി അതായിരുന്നു. ഈ വാചകം ആള്‍ക്കൂട്ടത്തിന്‍റെ വലിപ്പത്തിലല്ല, വിശ്വാസത്തിന്‍റെ പ്രവര്‍ത്തിയിലാണ് കാര്യം എന്ന് എനിക്ക് ബോധ്യമാക്കിത്തന്നു.' വിശാസ തീഷ്ണതയുടെ ആദ്യദിനങ്ങള്‍... 'ഉച്ചകഴിഞ്ഞ് ഞാന്‍ പാസ്റ്ററുടെ വീട്ടില്‍ ചെന്നു. "പാസ്റ്ററപ്പച്ചാ എനിക്കീ തമ്പേര് ഒന്നു തരാമോ..." "എന്തിനാ കുഞ്ഞേ?" "ഇത് അടിച്ചുകൊണ്ട് തെരുവുതോറും എനിക്ക് പാടണം. എനിക്ക് സമാധാനം തന്ന ദൈവത്തെക്കുറിച്ച് പറയണം." "വല്ലവരുമൊക്കെ കൂകി വിളിക്കും. നീ ഈ സ്ഥലത്തെ പ്രധാന ആളിന്‍റെ മകനാണ്." പാസ്റ്റര്‍ എന്നെ ഓര്‍മ്മിപ്പിച്ചു. എങ്കിലും ഞാന്‍ തമ്പേര്‍ വാങ്ങി. പ്രസംഗം അറിഞ്ഞുകൂടാ. കവലകളില്‍ പോയി തമ്പേറ് അടിച്ചുകൊണ്ട് എനിക്ക് അറിയാവുന്ന പാട്ടുകളും സാക്ഷ്യവും പറയുവാന്‍ തുടങ്ങി. എന്നെ രക്ഷിച്ച ദൈവം നിങ്ങളെയും രക്ഷിക്കുമെന്നും പറഞ്ഞു. പാസ്റ്റര്‍ പറഞ്ഞതുപോലെ ഒരായിരം കൂക്കുവിളികള്‍ കേള്‍ക്കേണ്ടതായി വന്നു. തമ്പേറ് തിരികെ ഏല്‍പ്പിച്ച് വീട്ടില്‍ വരുമ്പോള്‍ നാട്ടുകാരും വീട്ടില്‍ കൂടിയിട്ടുണ്ട്. ചിലര്‍ പറഞ്ഞു. "നല്ലൊരു പയ്യനായിരുന്നു തലയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് ചെണ്ടേം കൊട്ടി പാട്ടുംപാടി നടക്കുന്നത്. ഉടന്‍ കാറ് വിളിച്ച് ഊളംപാറയ്ക്ക് കൊണ്ടു പോകണം." ഞാന്‍ അവരോട് പറഞ്ഞു "എനിക്ക് സുബോധത്തിന് ഒരു കുഴപ്പവും ഇല്ല"' 'എവിടെയെല്ലാം പ്രാര്‍ത്ഥന ഉണ്ടോ അവിടെയെല്ലാം ഞാന്‍ പോകുമായിരുന്നു. അന്നത്തെ മാസയോഗം കൊട്ടാരക്കരയില്‍ ആണ് നടക്കുന്നത്. ഞാന്‍ രാത്രി ഒന്‍പത് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങി നടക്കുവാന്‍ തുടങ്ങി. 63 കിലോ മീറ്റര്‍ നടന്നാണ് പോയത്. മാസയോഗം കഴിഞ്ഞപ്പോള്‍ ഉണക്കക്കപ്പയും തേങ്ങാപ്പീരയുമായിരുന്നു ഭക്ഷണം. തിരികെ വീട്ടിലേക്കും നടന്നു. അടൂര്‍ ആകുന്നതിന് മുമ്പു തന്നെ നേരം ഇരുട്ടിയിരുന്നു. ദൈവസ്‌നേഹം എന്‍റെ ഉള്ളില്‍ നിറഞ്ഞിരുന്നതുകൊണ്ട് നടപ്പിന്‍റെ യാതൊരു ക്ഷീണവും ഞാന്‍ അറിഞ്ഞില്ല.' അഴലേറും ജീവിതമരുവില്‍... 'എനിക്ക് കിട്ടിയ ഷെയര്‍ എല്ലാം വിറ്റ് കര്‍ത്താവിന്‍റെ വേലയ്ക്കായ് ചിലവഴിച്ചു. നിരവധി സ്ഥലങ്ങളില്‍ കണ്‍വന്‍ഷനുകള്‍ നടത്തി. ഒന്നും ഡിപ്പോസിറ്റ് ചെയ്തില്ല. 1955-ല്‍ വിവാഹം കഴിഞ്ഞു. ഭഗവതിപ്പടി എന്ന സ്ഥലത്ത് പോയി ഒരു വീട് വാടകയ്ക്ക് എടുത്തു വേല ആരംഭിച്ചു. 5 രൂപ വാടക ആയിരുന്നു. മുളവന ബേബിച്ചനും കുടുംബവുമാണ് ആദ്യമായി അവിടെ നിന്നും വിശ്വാസത്തിലേക്ക് വന്നത്. ബേബിച്ചന്‍ വരുമ്പോള്‍ ഇരുനാഴി അരിയും രണ്ടു രുപയും ഒക്കെ കൊണ്ടു വരുമായിരുന്നു.' 'എന്നാല്‍ ചില ദിവസങ്ങള്‍ ഞങ്ങള്‍ പട്ടിണിയിലുമായി. അപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ ആയിരുന്നു. പട്ടിണിയുടെ 16-)൦ ദിവസം തളര്‍ന്ന് കുട്ടികള്‍ക്ക് മുലപ്പാല്‍ പോലും കൊടുക്കുവാന്‍ കഴിയാതെ അവശയായ ഭാര്യയോട് ആയി പാടിയതാണ് "അഴലേറും ജീവിതമരുവില്‍ നീ തളരുകയോ ഇനി സഹജേ" എന്ന പാട്ട്. ഇങ്ങനെ പാടിയിട്ട് അകത്തുപോയി എഴുതിയതാണ് ഇതിന്‍റെ ബാക്കി വരികളെല്ലാം. ഗാനം ഒക്കെ എഴുതി ട്യൂണ്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു സഹോദരി ഇരുന്നാഴി അരിയും അര രൂപയും കൊണ്ടു വന്നു. മറ്റൊരു സഭയിലെ വിശ്വാസി ആയിരുന്നു ഇവര്‍. കഴിഞ്ഞ 16 ദവസമായി എന്നെ കാത്ത് ഒരു മണി ഓര്‍ഡര്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. അഡ്രസ്സ് ശരിയല്ലാതിരുന്നതുകൊണ്‍ട് 16-)൦ ദിവസമാണ് അത് എന്‍റെ കൈയ്യില്‍ ലഭിച്ചത്.' സ്‌തോത്രഗീതം പാടുക നീ മനമേ... '"അഴലേറും ജീവിതമരുവില്‍" എന്ന ഗാനം എഴുതിയ ദിവസം അതിരാവിലെ എഴുതിയതാണ് ആരാധന ഗീതമായ "സ്‌തോത്രഗീതം പാടുക നീ മനമേ കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ..." എന്ന ഗാനവും. അന്ന് പതറിപ്പോകുവാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. എന്‍റെ അനുഭവങ്ങളാണ് എന്‍റെ ഗാനങ്ങളിലേറെയും.' വളരെ പെട്ടെന്ന് എഴുതിയ ഗാനങ്ങള്‍... 'ഗാനങ്ങള്‍ എഴുതുവാന്‍ തുടങ്ങുമ്പോള്‍തന്നെ വരികളും ട്യൂണും ഒരുമിച്ച് ലഭിക്കും. മിക്ക ഗാനങ്ങളും പെട്ടെന്ന് എഴുതിയത് തന്നെയാണ്. 1957-ല്‍ ബോംബെയില്‍ ഒരു കണ്‍വന്‍ഷന് പ്രസംഗിക്കുവാന്‍ വേണ്ടി ട്രെയിനില്‍ പോകുമ്പോള്‍ ഒരു ഭിക്ഷക്കാരി എന്‍റെ അടുക്കല്‍ വന്ന് ഒരു ഗാനം പാടി. ഏതോ ഒരു ഹിന്ദി പാട്ടായിരുന്നു അത്. അതിന്‍റെ ട്യൂണ്‍ എന്നെ ആകര്‍ഷിച്ചു. ഉടന്‍ തന്നെ ഞാന്‍ പേപ്പര്‍ എടുത്ത് എഴുതിയ ഗാനമാണ് "ഉണര്‍വ്വരുള്‍കാ ഇന്നേരം ദേവാ..."' 'ആ കണ്‍വന്‍ഷന്‍ സ്ഥലത്തുവെച്ച് ആ ഗാനം പ്രസിദ്ധീകരിച്ചു. ആ ഗാനത്തിന് മദ്രാസില്‍ നിന്നുള്ള ഒരു സംഘടനയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷങ്ങളോളം സംഗീതം അഭ്യസിച്ചിരുന്നു. അതിനാല്‍ ട്യൂണുകള്‍ പെട്ടെന്ന് ലഭിക്കും. മദ്രാസില്‍ സിലോണ്‍ പെന്തക്കൊസ്റ്റ് സഭയുടെ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ചെന്നപ്പോള്‍ അതിന്‍റെ പ്രസിഡന്‍റ് എന്നെ വിളിച്ചു വരുത്തി "നീ പുതിയ പാട്ടുകള്‍ എഴുതിയിട്ടുണ്ടോ" എന്നു ചോദിച്ചു. "ആറ് മാസം മുമ്പ് എഴുതിയ ഗാനം ഉണ്ട്. അതിന്‍റെ ഷീറ്റും കൊണ്‍ടു വന്നിട്ടുണ്ട്" എന്നു പറഞ്ഞു. "നീ പോയി മുഴങ്കാലില്‍ ഇരുന്ന് പുതിയ ഗാനം എഴുതുക. നാളത്തെ കണ്‍വന്‍ഷനില്‍ പുതിയ ഗാനങ്ങള്‍ വേണം പാടുവാന്‍" എന്നു പറഞ്ഞു. ഞാന്‍ വെളുക്കുവോളം മുഴങ്കാലില്‍ നിന്നു. അപ്പോള്‍ എഴുതിയതാണ് "വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണര്‍ന്നു രക്ഷകന്‍റെ വേല ചെയ്‌വാന്‍..."' '"ഭാഗ്യ നാട്ടില്‍ പോകും ഞാന്‍ എന്‍റെ ഭാഗ്യനാട്ടില്‍ പോകും ഞാന്‍..." തുടങ്ങിയ ഗാനങ്ങള്‍ മദ്രാസില്‍ വെച്ച് എഴുതിയതാണ്.' "ദയലഭിച്ചോര്‍ നാം സ്തുതിച്ചിടുമേ" എന്ന ഗാനം എഴുതിയ സാഹചര്യം... 'ഈ ഗാനം എന്റേതു മാത്രമല്ല. ഞാന്‍ സിലോണില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ സീനിയര്‍ സ്റ്റുഡന്‍റ് ആയ പാസ്റ്റര്‍ ഇ. വി. വര്‍ഗ്ഗീസിന്റേതും കൂടെയാണ്. ഞങ്ങള്‍ ജാഫ്‌ന എന്ന സ്ഥലത്ത് വെച്ചാണ് ഈ ഗാനം എഴുതിയത്. "പാപത്തിന്‍ അധീനതയില്‍ നിന്നീ അടിയനെ നീ വിടുവിച്ചു" തുടങ്ങിയ ഉപചരണങ്ങള്‍ എന്റേതും ചരണങ്ങള്‍ അദ്ദേഹത്തിന്റേതും ആണ്. "ദയലഭിച്ചോര്‍" എന്നായിരുന്നില്ല ഞങ്ങള്‍ അത് എഴുതിയത്. "ജയം എടുത്തോര്‍ നാം സ്തുതിച്ചീടുമേ" എന്നാണ് എഴുതിയത്. കാരണം വെളിപ്പാട് പുസ്തകത്തെ ആധാരമാക്കിയാണ് ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് കേരളത്തില്‍ വന്നപ്പോള്‍ ആരോ അത് വ്യത്യാസപ്പെടുത്തി. ജയം എടുക്കുവാന്‍ കഴിയുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പോകാനും കഴിയില്ല. അവിടെ ചെന്ന് പരീക്ഷ എഴുതുകയല്ല. ഇവിടെ നിന്ന് വിജയിക്കണം.' മറക്കാനാവാത്ത അനുഭവങ്ങള്‍... 'തമിഴ്‌നാട്ടില്‍ ഒരൂ കണ്‍വന്‍ഷന് പ്രസംഗിക്കുവാന്‍ പോയതാണ്. എന്നാല്‍ സുവിശേഷം പ്രസംഗിക്കുവന്നവരെ ആ ഗ്രാമത്തില്‍ കയറ്റിയിട്ടില്ല. അവിടെ വെച്ച് ഒരു സംഘം ആളുകള്‍ എന്നെ മാലിന്യം തീറ്റിച്ചു. എന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ എല്ലാം ഓടിപ്പോയി. ഇതു കണ്ടു നിന്ന വിദ്യാസമ്പന്നനായ ഹിന്ദുവായ ഒരു ചെറുപ്പക്കാരന്‍ അന്ന് ആ ഗ്രാമത്തില്‍ നിന്നും പുറപ്പെട്ടുപോയി. ഞാന്‍ പിറ്റെ വര്‍ഷം നാഗര്‍കോവിലിനടുത്ത് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുവാന്‍ ചെന്നപ്പോള്‍ രക്ഷിക്കപ്പെട്ടു മുമ്പോട്ടു വന്നവരുടെ കൂട്ടത്തില്‍ ഈ യുവാവും ഉണ്ടായിരുന്നു. ഇന്ന് ഈ ഗ്രാമത്തില്‍ സുവിശേഷപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്. ഇന്ന് ആ യുവാവ് ഈ സ്ഥലത്തെ പാസ്റ്ററാണ്. ഒറീസയിലും ബീഹാറിലും വെച്ച് ഒക്കെ ഒത്തിരി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ അതൊന്നും പുറത്തു പറയുന്നില്ല.' 'ബാംഗ്‌ളൂരില്‍ വേല ആരംഭിക്കുന്ന സമയത്ത് ഞാന്‍ ഒറ്റ മുണ്ട് ഉടുത്തുകൊണ്ടാണ് പോയത്. അതിനാണെങ്കില്‍ 47 തുന്നിച്ചയുമുണ്ടായിരുന്നു.' 'കോവളത്തിനടുത്ത് ഒരു കണ്‍വന്‍ഷനില്‍ പ്രസംഗിക്കുവാന്‍ ചെന്നപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വളഞ്ഞിരിക്കുന്നു. സംഘത്തലവന്‍ ഒരാള്‍ എന്നോടു പറഞ്ഞു "ഇന്ന് കണ്‍വന്‍ഷന്‍ നടക്കുകയില്ല". ഞാന്‍ തിരിച്ചു ചോദിച്ചു "ഡല്‍ഹിയിലെ ആര്‍എസ്എസ്സിന്‍റെ കാര്യവിചാരകന്‍റെ നമ്പര്‍ അറിയാമോ?" അദ്ദേഹം നിന്നു പരുങ്ങി. ഞാന്‍ അദ്ദേഹത്തിന്‍റെ നമ്പര്‍ കൊടുത്തു. "വിളിച്ചിട്ട് എന്‍റെ പേര് പറയുക മറുപടിയും എന്നോടു പറയുക" എന്നു പറഞ്ഞു. കണവന്‍ഷന്‍ നടത്തണമെന്നു മാത്രമല്ല. ആവശ്യമായ സേവനവും ചെയ്തു കൊടുക്കേണമെന്ന് മറുപടി അവര്‍ക്ക് ലഭിച്ചു. എന്‍റെ ദേശത്ത് അവരുടെ മീറ്റിങ്ങ് നടന്നപ്പോള്‍ സ്‌കൂളിന്‍റെ പിറ്റിഎ പ്രസിഡന്‍റ് ഞാന്‍ ആയിരുന്നു. സ്‌കൂളിന്‍റെ സൗകര്യം തികയാഞ്ഞിട്ട് ഞാന്‍ വീടും അവര്‍ക്കായി തുറന്നു കൊടുത്തതാണ്. വീട്ടില്‍ താമസിച്ചവര്‍ പാസ്റ്ററുടെ വീട്ടലാണ് കിടന്നതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിപ്പിച്ചു. അദ്ദേഹമായിരുന്നു ഡല്‍ഹിയിലെ കാര്യവാഹകന്‍. ദൈവത്തിന്‍റെ പ്രത്യേകതകളെക്കുറിച്ച് വിശദമായി സംസാരിച്ചു. നാം ഒരിക്കലും മറ്റുള്ളവര്‍ക്ക് പ്രകോപനം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിക്കരുത്.' ഭാവിപരിപാടികള്‍.., 'കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അല്‍പമായ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ആ സമയത്ത് 7 പുതിയ ഗാനങ്ങള്‍ എഴുതി. വ്യത്യസ്തമായ ഗാനങ്ങള്‍ ആണ്. അതു ട്യുണ്‍ ചെയ്തു കഴിഞ്ഞു. ഇനി 3 ഗാനങ്ങള്‍കൂടെ എഴുതി അത് ഒരു സിഡി ആക്കണം. ഇനി പ്രസിദ്ധീകരിക്കുന്ന ഗാനത്തിനു മുകളില്‍ അതിന്‍റെ സന്ദര്‍ഭവും എഴുതും. കുറച്ച് ആളുകളെ ആ ഗാനങ്ങള്‍ പഠിപ്പിക്കണം. സഭാ വ്യത്യാസം കൂടാതെ എന്നെ സഭകളില്‍ വിളിക്കുന്നുണ്ട്. കാലിഫോര്‍ണിയായിലുള്ള ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റിനുവേണ്‍ടി എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 4 മുതല്‍ 4.30 വരെ ഞാന്‍ പ്രസംഗിക്കുന്നുണ്‍ട്. 53 ഭാഷകളില്‍ അതിന്‍റെ വിവര്‍ത്തനം ഉണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍റ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്‍ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോകുവാന്‍ സാധിച്ചിട്ടില്ലെങ്കിലും തന്‍റെ ശബ്ദം അവിടെയും ഇന്‍റര്‍നെറ്റിലൂടെ കേള്‍ക്കുവാന്‍ കഴിയുന്നു. ' കുടുംബത്തെക്കുറിച്ച്... 'ഭാര്യ: ലീലാമ്മ വര്‍ഗ്ഗീസ് പ്രാര്‍ത്ഥനയില്‍ എന്നോടൊപ്പം പോരാടിയിരുന്നു. സുവിശേഷത്തിനുള്ള വേണ്ടി ഓരോ സ്ഥലവും ഞാന്‍ വില്‍ക്കുവാന്‍ നേരം പൂര്‍ണ്ണസമ്മതത്തോടെ അനുവദിച്ചിരുന്നു. സുവിശേഷത്തിനുവേണ്ടി ഏതു ത്യാഗവും സഹിക്കുവാന്‍ സന്നദ്ധയായിരുന്നു. 2008-ല്‍ പ്രിയംവെച്ച കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. മരണസമയത്തും ഞാന്‍ അരികില്‍ ഉണ്ടായിരുന്നു. മക്കള്‍: മറിയാമ്മ ജേക്കബ്, വര്‍ഗ്ഗീസ് ജോണ്‍, പരേതനായ ജോസ് മോന്‍, ഗ്രേസമ്മ, ബോസ് വര്‍ഗ്ഗീസ്, ബെഞ്ചമിന്‍ വര്‍ഗ്ഗീസ്. 18 കൊച്ചുമക്കളും അവരുടെ 8 മക്കളുമുണ്ട്.' |
Home > Composers & Musicians >
മുട്ടം ഗീവര്‍ഗീസ് - Muttom Gee Varghese
Title | Song Embedded |
---|---|
അഴലേറും ജീവിത മരുവില്‍ | Video |
ഉണര്ന്നെഴുന്നേല്ക്കുക തിരുസഭയേ | Video |
നല്ല പോരാട്ടം പോരാടി ഓട്ടമോടിടാം | Video |
വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണര്‍ന്നു രക്ഷകന്‍റെ വേല ചെയ്യുവിന്‍ | Video |
സ്തുതിച്ചിടാം മഹിപനവനെ | Video |
Showing 5 items