Home‎ > ‎Composers & Musicians‎ > ‎

മൂത്താമ്പക്കല്‍ സാധു കൊച്ചുകുഞ്ഞുപദേശി

സാധു കൊച്ചുകുഞ്ഞുപദേശി ഒരു പ്രശസ്ത സുവിശേഷ പ്രസംഗകനും കവിയും സംഗീതഞ്ജനും ആയിരുന്നു. കാഴ്ചയില്‍ വളരെ വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു കൊച്ചൂഞ്ഞുപദേശി. അദ്ദേഹം എല്ലായ്പോഴും വെള്ള ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. 175cm ഉയരമുള്ള വളരെ മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യന്‍. അദ്ദേഹം എവിടെ പോയാലും ഒരു കുടയും തന്‍റെ പ്രിയപ്പെട്ട ബൈബിളും കൂടെ കരുതുമായിരുന്നു. അദ്ദേഹത്തിന്‍റെ വിശുദ്ധ ജീവിതവും ആത്മ നിയന്ത്രണവും സ്വയപരിത്യാഗവും സമൂഹ സേവനത്തിനായുള്ള പ്രതിബദ്ധതയും അദ്ദേഹത്തെ ഒരു വേറിട്ട വ്യക്തിത്വമാക്കി. ഏകാന്തതയില്‍ ധ്യാനനിരതനായി സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അധിക സമയവും വായനയ്ക്കായി വേര്‍തിരിച്ചിരുന്നു.

ജനനവും കുടുംബവും
1883 നവംബര്‍ 29 ന് പത്തനംതിട്ട ജില്ലയില്‍ ആറന്മുളയ്ക്കടുത്ത് ഇടയാറന്മുള എന്നാ കൊച്ചു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ്‌ മൂത്താമ്പക്കല്‍ ഇട്ടിയും മാതാവ്‌ പെരിങ്ങാട്ടുപടിക്കല്‍ മറിയാമ്മയുമാണ്. അദ്ദേഹത്തിന്‍റെ ശരിയായ പേര് എം.ഐ. വര്‍ഗ്ഗീസ്‌ (മൂത്താമ്പക്കല്‍ ഇട്ടി വര്‍ഗ്ഗീസ്‌) എന്നും വിളിപ്പേര് കൊച്ചൂഞ്ഞ് എന്നും ആയിരുന്നു. ആറു സഹോദരികള്‍ ഉള്ള ഒരു വലിയ കുടുംബത്തിലെ ഒരു അംഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ഒരു സഹോദരന്‍ രണ്ടാമത്തെ വയസില്‍ മരിച്ചു പോയി. 

ശൈശവ വിവാഹം നിലവിലുണ്ടായിരുന്ന ഒരു കാലത്തിലാണ് സാധു കൊച്ചു കുഞ്ഞുപദേശി ജീവിച്ചിരുന്നത്. അത് കൊണ്ട് തന്‍റെ 12-)മത്തെ വയസില്‍ ഏലിയാമ്മയെ വിവാഹം കഴിച്ചു. അദ്ദേഹത്തിനാവശ്യമായ പിന്തുണ നല്‍കുന്നതിന് അവര്‍ക്ക് സാധിച്ചു. ഒരു കര്‍ഷകനായി ജോലി ചെയ്ത് നിലത്തില്‍ നിന്ന് ലഭ്യമായവ വിറ്റ് അദ്ദേഹം ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി.

1898-ല്‍ അദ്ദേഹത്തിന്‍റെ മാതാവ്‌ മരണമടഞ്ഞു. രോഗിയായിരുന്ന അദ്ദേഹത്തിന്‍റെ പിതാവിന് ഇത് വലിയൊരു ആഘാതമായി. ഭാര്യ മരിച്ചു മൂന്നു വര്‍ഷത്തിനു ശേഷം 1903-ല്‍ അദ്ദേഹത്തിന്‍റെ പിതാവും അന്തരിച്ചു.

വിദ്യാഭ്യാസവും ആദ്യകാല ജീവിതവും
അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനായി അടുത്തുള്ള മാര്‍ തോമ ലോവര്‍ പ്രൈമറി സ്കൂളില്‍ ചേര്‍ന്നു. 1895-ല്‍ തന്‍റെ 12-)മത്തെ വയസ്സില്‍ വിവാഹം കഴിഞ്ഞപ്പോള്‍ സഹപാഠികളുടെ പരിഹാസം നിമിത്തം അദ്ദേഹം ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ ചേര്‍ന്നു. അവിടെ വച്ച് കാരണമില്ലാതെ തന്നെ ശിക്ഷിച്ച ഒരു അധ്യാപകനെ പരിഹസിച്ച് അദ്ദേഹം ഒരു കവിത എഴുതി. അതായിരുന്നു കവിത എഴുത്തില്‍ അദ്ദേഹത്തിന്‍റെ ആദ്യ ശ്രമം. അദ്ദേഹം വളരെ ബുദ്ധിമാനും ക്ലാസ്സില്‍ ഒന്നാമനും ആയിരുന്നു. പതിനാലു വയസ്സുണ്ടായിരുന്നപ്പോള്‍ പിതാവിനെ കൃഷിയില്‍ സഹായിക്കുന്നതിനായി അദ്ദേഹം തന്‍റെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചു.

1898-ല്‍ തനിക്ക് പതിനഞ്ച് വയസ്സുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മാതാവ് അന്തരിച്ചു. രോഗിയായിരുന്ന അദ്ദേഹത്തിന്‍റെ പിതാവ്‌ 1903-ല്‍ കുറച്ച് നിലവും കടവും ബാക്കിയാക്കി ചരമമടഞ്ഞു. കൃഷിയില്‍ നിന്നുള്ള ആദായം അവരുടെ ജീവിതത്തിന് തികയുന്നതായിരുന്നില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനായി അനവധി ചെറിയ ജോലികള്‍ ചെയ്യുന്നതിന് അദ്ദേഹം നിര്‍ബ്ബന്ധിതനായി. അദ്ദേഹം തുണിക്കച്ചവടം ചെയ്യുകയും കുറച്ചു സമയം ഒരു സ്കൂളില്‍ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭാര്യയുടെ മാതാപിതാക്കള്‍ വളരെ സഹായമനസ്കരായിരുന്നു. ഒടുവില്‍ അദ്ദേഹം ഒരു കര്‍ഷകനായി നിലയുറപ്പിച്ചു.

സുവിശേഷകവൃത്തിയുടെ ആരംഭം
തന്‍റെ 11-)മത്തെ വയസ്സില്‍ സാധു കൊച്ചു കുഞ്ഞുപദേശി രക്ഷിക്കപ്പെട്ടു. തന്‍റെ ജീവിതം സുവിശേഷത്തിനായി അര്‍പ്പിക്കുവാന്‍ 17-)മത്തെ വയസ്സില്‍ അദ്ദേഹം തീരുമാനിച്ചു. തുടക്കത്തില്‍ കര്‍ഷകവൃത്തി കഴിഞ്ഞ ശേഷം രാത്രികാലങ്ങളിലായിരുന്നു അദ്ദേഹം സുവിശേഷപ്രചാരത്തിനായി പോയിരുന്നത്. തന്‍റെ സുഹൃത്തും സഹപാഠിയും പിന്നീട് മഹാകവിയുമായ കെ.വി.സൈമണ്‍ ചേര്‍ന്ന ബ്രദറണ്‍ സഭയില്‍ ചേരുന്നതിന്‌ സാധു കൊച്ചു കുഞ്ഞുപദേശി താത്പര്യപ്പെട്ടില്ല. അവരുടെ ചിന്തകളുമായി യോജിപ്പുണ്ടെങ്കിലും താന്‍ ആയിരിക്കുന്ന സഭയില്‍ ആയിരുന്ന് സുവിശേഷം പ്രസംഗിക്കുക എന്നതാണ് എന്‍റെ ദൌത്യം എന്ന് ഞാന്‍ കരുതുന്നു എന്നാണ്‌ അതിനെപ്പറ്റി അദ്ദേഹം പറഞ്ഞത്. മണിക്കൂറുകളോളം പ്രാര്‍ത്ഥനയ്ക്കായി ചെലവിട്ടിരുന്ന അദ്ദേഹത്തിന്‍റെ ശക്തിയുടെ സ്രോതസ്സും പ്രാര്‍ത്ഥന തന്നെയായിരുന്നു.

സംഘടനകളും സ്ഥാപനങ്ങളും
പ്രാരംഭം മുതല്‍ക്കു തന്നെ അദ്ദേഹം തന്‍റെ ഗ്രാമത്തില്‍ സണ്ടേസ്കൂള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ മുതലായവ സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സഭാ വികാരി റവ. കെ.വി.ജേക്കബും സഹപാഠിയായിരുന്ന കെ.വി.സൈമണും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത പിന്തുണയേകി. അവര്‍ ഒരുമിച്ച് ഇടയാറന്മുള ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്(ഇ.സി.എഫ്), യൂത്ത്‌ ലീഗ്, ക്രിസ്തീയ പരിചരണ കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍ മുതലായവ രൂപീകരിച്ചു. 
കൂട്ടായ്മകളുടെ നടത്തിപ്പിനായി അദ്ദേഹം ചെങ്ങന്നൂര്‍ - കോഴഞ്ചേരി റോഡിന് സമീപത്തുള്ള തന്‍റെ സ്വന്ത സ്ഥലത്തില്‍ ഒരു പ്രാര്‍ത്ഥനാലയം നിര്‍മ്മിച്ചു.
കൊട്ടാരക്കരയ്ക്കടുത്ത് കലയപുരം എന്ന സ്ഥലത്ത് അദ്ദേഹം ആരംഭിച്ച സുവിശേഷ യോഗത്തില്‍ പങ്കെടുക്കാന്‍ ശുഭ്രവസ്ത്രധാരികളായി അനേകം പേര്‍ കാല്‍നടയായി വന്നു കൂടിയിരുന്നു.

ശുശ്രൂഷ
കേരളത്തിലെ അനേകം മിഷണറി പ്രവര്‍ത്തനങ്ങളുടെ ഉറവിടം സാധു കൊച്ചു കുഞ്ഞുപദേശി ആയിരുന്നു. അദ്ദേഹം സുവിശേഷം പ്രസംഗിക്കുന്നതിനായി കേരളത്തിലും ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും യാത്ര ചെയ്തു. തന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും ദൈവത്തിനെ ആശ്രയിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശീലം. ദൈവത്തില്‍ നിന്നും നേര്‍വഴി അപേക്ഷിച്ച് മണിക്കൂറുകളോളം അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി ചിലവിടുമായിരുന്നു. വലിയ ആള്‍ക്കൂട്ടത്തില്‍ സുവിശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന സുവിശേഷ പ്രചരണ മാര്‍ഗ്ഗം. ഏതാണ്ട് മുപ്പത്‌ വര്‍ഷത്തോളം അദ്ദേഹം തീവ്രസുവിശേഷവേലയില്‍ ഏര്‍പ്പെട്ടു എന്നത്‌ അദ്ദേഹത്തിന്‍റെ അര്‍പ്പണബോധത്തെ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം സുവിശേഷം മാത്രമല്ല സാമൂഹികമായ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുമായിരുന്നു.

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയായിരുന്നു ഒരാഴ്ചയില്‍ അദ്ദേഹം പൊതുയോഗങ്ങളില്‍ സംസാരിച്ചിരുന്നത്. ബാക്കിയുള്ള സമയങ്ങള്‍ വായനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി അദ്ദേഹം വേര്‍തിരിച്ചിരുന്നു.

സാധു കൊച്ചു കുഞ്ഞുപദേശിയുടെ പ്രഭാഷണങ്ങള്‍ ചെറുപ്പക്കാരെയും മുതിര്‍ന്നവരെയും ഒരുപോലെ സന്തോഷിപ്പിച്ചു. തന്‍റെ പ്രഭാഷണങ്ങള്‍ക്ക് നിറം പകരാനായി അദ്ദേഹം കഥകളും ഉദാഹരണങ്ങളും അനുഭവങ്ങളും തമാശകളും ധാരാളമായി ഉപയോഗിച്ചിരുന്നു. അങ്ങനെ അദ്ദേഹത്തിന്‍റെ ശുശ്രൂഷയ്ക്ക് കേരളത്തിലും ദക്ഷിണേന്ത്യയിലും വന്‍പിച്ച ഫലം ലഭിച്ചു വന്നു. അനേകം പേര്‍ അദ്ദേഹത്തിന്‍റെ കൂട്ടായ്മകളില്‍ കൂടി രക്ഷ പ്രാപിച്ചു എന്നതായിരുന്നു ആ ഫലം. മദ്യപാനികള്‍ അദ്ദേഹത്തിന്‍റെ കൂട്ടായ്മകളില്‍ വന്ന് പുതിയ മനുഷ്യരായി കടന്നു പോകുന്നത് അസാധാരണമല്ലാത്ത ഒരു കാഴ്ചയായിരുന്നു. 

സാഹിത്യ രചനകള്‍
പരമ ക്രിസ്ത്യാനിത്വം, പരമാനന്ദ ക്രിസ്തീയ ജീവിതം മുതലായവ അദ്ദേഹത്തിന്‍റെ പ്രസിദ്ധീകരിക്കപ്പെട്ട അനേകം കൃതികളില്‍ ചിലവയാണ്.
എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ കൃതികള്‍ ഇന്നും കേരളത്തിലെ ക്രൈസ്തവര്‍ ആനന്ദത്തില്‍ മുഴുകുന്ന ക്രിസ്തീയ ഭക്തിഗാനങ്ങളാണ്. മലയാളത്തില്‍ രചിക്കപ്പെട്ട അദ്ദേഹത്തിന്‍റെ കൃതികള്‍ അനേകം ജീവിതങ്ങളില്‍ പ്രത്യാശയും സന്തോഷവും പകര്‍ന്നു. അദ്ദേഹം തന്‍റെ 210 ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് 'ആശ്വാസ ഗീതങ്ങള്‍' എന്ന ഗ്രന്ഥം രചിച്ചു.

അദ്ദേഹത്തിന്‍റെ ചില ഗാനങ്ങള്‍ താഴെ കാണിച്ചിരിക്കുന്നു:

അന്ത്യ ദിനങ്ങള്‍
നിരന്തരമായ യാത്രകളും വിശ്രമമില്ലാത്ത സുവിശേഷവേലയും അദ്ദേഹത്തെ പലപ്പോഴും രോഗിയാക്കി. 1945 നവംബറില്‍ അദ്ദേഹം കഠിനമായ രോഗബാധിതനായി. 1945 നവംബര്‍ 30 ന് രാവിലെ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്‍റെ ഭൌതിക ശരീരം സെന്‍റ്. തോമസ്‌ മാര്‍ തോമാ ചര്‍ച്ച് സെമിത്തേരിയില്‍ പിറ്റേ ദിവസം സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ സംസ്കാര ശുശ്രൂഷ തന്നെ അദ്ദേഹത്തിന് ഒരു വലിയ ബഹുമാനം നല്‍കുന്നതായിരുന്നു. രണ്ടു ബിഷപ്പുമാരും നൂറിലധികം അച്ചന്മാരും നാല്‍പതിനായിരത്തിലധികം ആളുകളും അതില്‍ പങ്കെടുത്തു.
Showing 20 items
TitleSong Embedded
Sort 
 
Sort 
 
TitleSong Embedded
അനുഗ്രഹക്കടലേ എഴുന്നള്ളി വരിക Video 
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയില്‍ MP3 
ആരു സഹായിക്കും? ലോകം തുണയ്ക്കുമോ? Video 
ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു Video 
ഇനിമേല്‍ എനിക്കില്ലോര്‍ ഭയം Not Available 
ഉണരുക നീയെന്നാത്മാവേ! MP3 
ഉഷഃകാലം നാം എഴുന്നേല്‍ക്കുക Video 
എന്നെനിക്കെന്‍ ദുഃഖം തീരുമോ Video 
എന്‍റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായി ജീവിക്കുമ്പോള്‍ Video 
എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍ Video 
എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ Video 
കര്‍ത്താവേ നിന്‍ രൂപം എനിക്കെല്ലായ്പോഴും സന്തോഷമേ Video 
കാണാമെനിക്കെന്‍റെ രക്ഷിതാവേ Not Available 
ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ! Video 
ജീവിതം മേദിനിയിൽ ശോഭിക്കുന്നോർ നിശ്ചയം യേശുഭക്തർ Not Available 
ദു:ഖത്തിന്‍റെ പാന പാത്രം Video 
ദൈവം സകലവും നന്മയ്ക്കായ്‌ ചെയ്യുന്നു MP3 
പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍ Video 
ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേൽക്കണം Video 
മന്നവനേ മഹോന്നതാ നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു Not Available 
Showing 20 items
Comments