Home‎ > ‎Composers & Musicians‎ > ‎

കെ.വി. സൈമണ്‍

പ്രശസ്തമായ ഒട്ടേറെ മലയാള ക്രിസ്തീയ കീര്‍ത്തനങ്ങളുടെ രചയിതാവും, നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങള്‍ എഴുതിയ പ്രമുഖ ദൈവശാസ്ത്രപണ്ഡിതനും, ക്രൈസ്തവ മതപ്രചാരകനും ആയിരുന്നു കെ.വി. സൈമണ്‍ (2 ഫെബ്രുവരി 1883 - 20 ഫെബ്രുവരി 1944). കവി എന്ന നിലയക്കാണു കെ.വി.സൈമണ്‍ കൂടുതല്‍ പ്രശസ്തന്‍. വേദപുസ്തകത്തിലെ ഉല്പത്തി ഗ്രന്ഥത്തെ ആധാരമാക്കിയുള്ള വേദവിഹാരം എന്ന മഹാകാവ്യം രചിച്ചിട്ടുള്ളതിനാല്‍ മഹാകവി കെ.വി. സൈമണ്‍ എന്ന പേരിലാണ് ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. വേര്‍പാടു സഭ അഥവാ വിയോജിത സഭ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ക്രൈസ്തവ വിഭാഗത്തിന്റെ പിറവിക്കു കാരണക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം.

ജനനം, ബാല്യം, വിദ്യാഭ്യാസം
ഇടയാറുന്മുള കുന്നുംപുറത്തു ഭവനത്തില്‍ ഹൈന്ദവപുരാണങ്ങളില്‍ നല്ല പാണ്ഡിത്യം ഉണ്ടായിരുന്ന വര്‍ഗ്ഗീസിന്റേയും, കവിതാവാസന പ്രകടിപ്പിച്ച കാണ്ടമ്മയുടേയും മകനായി 1883-ല്‍ ആണു സൈമണ്‍ ജനിച്ചത്. നാലാമത്തെ വയസ്സില്‍ തന്നെ അക്ഷരമാല വശമാക്കിയ സൈമണ്‍ എട്ടാമത്തെ വയസ്സുമുതല്‍ കവിതകള്‍ എഴുതാന്‍ തുടങ്ങിയിരുന്നു എന്നു പറയപ്പെടുന്നു. ജേഷ്ഠസഹോദരന്‍ ചെറിയാനായിരുന്നു ആദ്യത്തെ ഗുരുനാഥന്‍.

ഈ കുട്ടിക്കു വിസ്മയനീയമായ കവിതാവാസനയുണ്ടെന്നും പാഠ്യവിഷയങ്ങള്‍ സ്വയം പദ്യമാക്കുന്നുണ്ടെന്നും ക്ലിഷ്ടസമസ്യകള്‍ അനായേസേന പൂരിപ്പിക്കാറുണ്ടെന്നും ചെറിയാന്‍ എന്നോടു പറകയാല്‍, ചില സമസ്യകള്‍ ഞാന്‍ കൊടുക്കുകയും ബാലന്‍ അവയെ അക്ളിഷ്ടമായി പൂരിപ്പിക്കുകയും ചെയ്തു.
എന്നാണു സരസകവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ സൈമണെപ്പറ്റി സാക്ഷിക്കുന്നത്.

പതിമൂന്നാം വയസ്സില്‍ തന്നെ പ്രാഥമിക പരീക്ഷയില്‍ ചേര്‍ന്നു ജയിച്ചു. തുടര്‍ന്ന്, ജ്യേഷ്ഠന്‍ മുഖ്യാദ്ധ്യാപകനായിരുന്ന ഇടയാറന്മുള മാര്‍ത്തോമ്മാ സ്കൂളില്‍ അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. ഭാഷാപണ്ഡിതനായിരുന്ന ജ്യേഷ്ഠനില്‍ നിന്നു സംസ്കൃതഭാഷയുടെ ആദിപാഠങ്ങള്‍ പഠിച്ച ശേഷം സ്വന്തപ്രയത്നം കൊണ്ട് ആ ഭാഷയില്‍ വ്യുല്പത്തി സമ്പാദിച്ചു. കാവ്യം, നാടകം, അലങ്കാരം, വ്യാകരണം, വേദാന്തം എന്നീ ശാഖകളില്‍ അന്നു കിട്ടാവുന്ന പ്രബന്ധങ്ങളത്രയും പാരായണം ചെയ്തു. മലയാളത്തിനും സംസ്കൃതത്തിനും പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ്, ഗ്രീക്ക് എന്നീ ഭാഷകളിലും പരിചയം സമ്പാദിക്കുകയും ആ ഭാഷകളിലെ ഗ്രന്ഥങ്ങള്‍ വായിച്ച് വിജ്ഞാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
1900-ല്‍ പതിനേഴാം വയസ്സില്‍ അയിരൂര്‍ പാണ്ടാലപ്പീടികയില്‍ റാഹേലമ്മയെ വിവാഹം ചെയ്തു. (ഇവര്‍ അയിരൂര്‍ അമ്മ എന്ന പേരില്‍ പീന്നീട് അറിയപ്പെട്ടു).ഒരു മകള്‍ മാത്രമേ അദ്ദേഹത്തിനു സന്താനമായി ഉണ്ടായിരുന്നുള്ളൂ.

കൃഷ്ണന്‍ നമ്പ്യാതിരിയുമായുള്ള സംവാദം
ഈ സമയത്ത് ക്രിസ്തുമതത്തെ ആക്ഷേപിച്ചു കൊണ്ട് കൃഷ്ണന്‍ നമ്പ്യാതിരി എന്നൊരാള്‍ തിരുവിതാംകൂറില്‍ പ്രസംഗം ചെയ്തു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കാനോ തക്ക മറുപടി പറയാനോ രണ്ടു മതത്തിന്റേയും സാഹിത്യങ്ങളില്‍ അവഗാഹം നേടിയ ആരും തന്നെ ഇല്ലായ്കയാല്‍ ക്രൈസ്തവമതനേതാക്കള്‍ കെ. വി. സൈമണെ അഭയം പ്രാപിച്ചു. കൃഷ്ണന്‍ നമ്പ്യാതിരിയുടെ ആക്ഷേപങ്ങളെ നിശിതമായി വിമര്‍ശിച്ചും അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് ഹിന്ദുമതഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരികള്‍ കൊണ്ടു തന്നെ മറുപടിപറഞ്ഞും ക്രിസ്തുമതോപദേശങ്ങളുടെ ചരിത്രാടിസ്ഥാനവും സുവിശേഷവിവരണങ്ങളുടെ സാധുതയും സ്ഥാപിക്കാനുദ്ദേശിച്ച് സൈമണ്‍ എഴുതിയ കൃതിയാണ് സത്യപ്രകാശിനി.

കൃതികള്‍
കൃഷ്ണന്‍ നമ്പ്യാതിരിയുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുമതോപദേശങ്ങളുടെ ചരിത്രാടിസ്ഥാനവും സുവിശേഷവിവരണങ്ങളുടെ സാധുതയും സ്ഥാപിക്കാനുദ്ദേശിച്ച് എഴുതിയ സത്യപ്രകാശിനിയെപ്പോലെ, ക്രൈസ്തവസഭയിലെ മറ്റു വിഭാഗക്കാരുമായി നടത്തിയ വിശ്വാസസംബന്ധമായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടവയാണ് ത്രിത്വോപദേശം, സ്നാനം, സമ്മാര്‍ജ്ജനി, മറുഭാഷാനികഷം, ക്രൈസ്തവസഭാചരിത്രം തുടങ്ങിയ പുസ്തകങ്ങള്‍. ഇവക്കുപുറമേ പുറമേ അനേകം ഗാന സമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സംഗീതത്തിലുള്ള പ്രത്യേക താല്പര്യം
ജന്മസിദ്ധമായ മധുര നാദവും, സംഗീതത്തിലുള്ള പ്രത്യേക വാസനയും, ശാസ്ത്രീയ സംഗീതഭ്യസനത്തിനു കിട്ടിയ അവസരവും സുവിശേഷപ്രചരണത്തിന്റെ മാദ്ധ്യമമായിട്ടാണു സൈമണ്‍ ഉപയോഗിച്ചത്. സംഗീതാഭ്യസനത്തെക്കുറിച്ച് അദ്ദേഹം തന്റെ ആതമകഥനത്തില്‍ ഇങ്ങനെ പറയുന്നു
1073-1074 ഈ കൊല്ലങ്ങളില്‍ എനിക്കുണ്ടായിരുന്ന സംഗീതവാസനയെ ഒന്നു പരിഷ്ക്കരിക്കാന്‍ സാധിച്ചു. എങ്ങനെയെന്നാല്‍ അഭ്യസ്തവിദ്യനും, മൃദംഗവായന, ഫിഡില്‍വായന ഇവയില്‍ നിപുണനും നല്ല സംഗീതജ്ഞനുമായ മി. ഡ്. ജയിംസ് എന്ന തമിഴന്‍ ഇടയാറന്മുള വന്നു താമസമാക്കി. ഈ ആള്‍ മുഖാന്തരവും സംഗീതരസികരായ ചില നാട്ടുകാര്‍ മുഖാന്തരവും രാമായണ നാടകം, ചൊക്കനാര്‍പാടല്‍, വേദനായക ശാസ്ത്രിയാര്‍ മുതലായവരുടെ തമിഴ് ക്രൈസ്തവഗാനങ്ങള്‍, തമിഴ് സാഹിത്യത്തിലുള്ള മറ്റു ഗാനങ്ങള്‍ മോശവത്സലം, വിദ്വാന്‍കുട്ടി , സ്വാതിതിരുനാള്‍ ഇവരുടെ കീര്‍ത്തനങ്ങള്‍ മുതലായവ സമൃദ്ധിയായി അഭ്യസിക്കുവാന്‍ സമയം ഉപയോഗിച്ചു. മി. ജയിംസും ഞാനും ഒരുമിച്ചിരുന്നു ചില പാട്ടുകള്‍ എഴുതി. മറ്റു പ്രകാരേണയും ഈ അഭ്യസനത്തെ അഭിവൃദ്ധിപ്പെടുത്തുവാന്‍ കൂടുതല്‍ സൗകര്യം എനിക്കു ലഭിച്ചു.

വേദവിഹാരം എന്ന മഹാകാവ്യം
വേദപുസ്തകത്തിലെ ഉല്‍പത്തി ഗ്രന്ഥത്തെ ആധാരമാക്കി രചിച്ച വേദവിഹാരം എന്ന മഹാകാവ്യം ആണ് കെ.വി. സൈമണെ മഹാകവി പദവിക്ക് അര്‍ഹനാക്കിയത്. കിളിപ്പാട്ടുരീതിയില്‍ രചിച്ചിട്ടുള്ള ഈ കാവ്യത്തിന്റെ ശൈലിക്ക് പഴയനിയമത്തിലെ ജലപ്രളയത്തെ വര്‍ണ്ണിക്കുന്ന ഭാഗത്തെ താഴെപ്പറയുന്ന വരികള്‍ ഉദാഹരണാമെയെടുക്കാം:-
ജ്വലനഘടനകളുടെ നടുവിലിടിവാളുകള്‍
        ജാതരോഷം പരന്നാകാശവീഥിയില്‍
        പ്രളയമതിലുയരുമൊരു ചണ്ഡവാതങ്ങളും
        പ്രത്യുല്‍ഗമിച്ചുനീഷ്പ്രത്യൂഹമാംവിധം”

അവസാനകാലം
1944-ല്‍ ശരീരസ്തംഭനം നിമിത്തം കായികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തി മിക്കവാറും നഷ്ടപ്പെട്ടു. അതിനു ശേഷം പൊതുരംഗങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുകയോ ഗാനങ്ങളൊന്നും രചിക്കുകയോ ചെയ്തിട്ടില്ല. 1944-ല്‍ 61-മത്തെ വയസ്സില്‍ കെ.വി. സൈമണ്‍ അന്തരിച്ചു.

ഗാനങ്ങള്‍
നിരന്തരം സുവിശേഷപ്രസംഗങ്ങള്‍ ചെയ്യുകയും വേദപുസ്തകവും വേദവ്യാഖ്യാങ്ങളും മറ്റനേകം ഗ്രന്ഥങ്ങളും പഠിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്ന കെ.വി. സൈമണിന്റെ പഠനങ്ങളില്‍ നിന്നും ധ്യാനങ്ങളില്‍ നിന്നും രൂപം കൊണ്ടവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ എല്ലാം തന്നെ.

സംഗീതശതകം, ശതകാനുയായി എന്നീ രണ്ട് സമാഹാരങ്ങള്‍ സൈമണ്‍ യൗവനാരംഭത്തില്‍ രചിച്ച ഗാനങ്ങളുടെ പുസ്തകരൂപമാണ്. ഗാനപ്രസൂനം, സംഗീതരത്നാവലി എന്നീ വേറെ രണ്ട് ഗാനസമാഹങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ ഉത്തമഗീതം, വെളിപാട് എന്നീ പുസ്തകങ്ങളുടെ ഭാഷ്യവും നല്ല ശമറായര്‍, നിശാകാലം എന്നീ ഖണ്ഡകാവ്യങ്ങളും അദ്ദേഹം എഴുതി.

കെ.വി. സൈമണ്‍ ഏതാണ്ട് മുന്നൂറോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ പല ഗാനങ്ങളും കേരളത്തിലെ ക്രൈസ്തവസഭകള്‍ തങ്ങളുടെ ആരാധനയ്ക്കായി ഉപയോഗിക്കുന്നു.
അദ്ദേഹത്തിന്റെ ചില പ്രശസ്തഗാനങ്ങള്‍ താഴെ പറയുന്നവ ആണ്.

Comments