Home‎ > ‎Composers & Musicians‎ > ‎

ഡോ. ഡി. ജെ. അജിത്‌ കുമാര്‍

സഹോ. ഡി. ജെ. അജിത്‌ കുമാര്‍ 1964 -ല്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട യില്‍ ചെയ്കുളം എന്ന സ്ഥലത്ത് ജനിച്ചു. 
സുവിശേഷകവൃത്തിയുടെ ആരംഭം
ക്രിസ്തീയ അന്തരീക്ഷത്തില്‍ വളര്‍ന്ന അജിത്‌ കുമാര്‍ തന്‍റെ ചെറുപ്പകാലം മുതല്‍ക്കേ മിഷനറി പ്രവര്‍ത്തനങ്ങളില്‍ തല്പരനായിരുന്നു. തനിക്ക്‌ 12 വയസ്സുണ്ടായിരുന്നപ്പോള്‍ അഖിലലോകസണ്ടേസ്കൂള്‍ ദിനത്തില്‍ സഭയില്‍ പ്രസംഗിക്കുന്നതിനുള്ള സാഹചര്യം അദ്ദേഹത്തിന് ലഭിച്ചു. ആ സാഹചര്യത്തില്‍ സദൃശവാക്യങ്ങള്‍ 1:7 ("യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു") അടിസ്ഥാനമാക്കി തന്‍റെ പിതാവ്‌ തയ്യാറാക്കി നല്‍കിയ പ്രസംഗത്തിലൂടെ അദ്ദേഹം തന്‍റെ ദൌത്യം ആരംഭിച്ചു. സ്ഥിരമായ കുടുംബപ്രാര്‍ത്ഥനകളും സഭാപ്രവര്‍ത്തനങ്ങളും മാതാപിതാക്കളുടെ പ്രചോദനവും ദൈവമഹത്വത്തിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ ധൈര്യപ്പെടുത്തി.
    അദ്ദേഹത്തിന്‍റെ സ്വന്തം വാക്കുകളില്‍: "എന്‍റെ മനസ്സില്‍ എങ്ങനെ ഇത് ജ്വലിച്ചു എന്നെനിക്കറിയില്ല, പക്ഷേ കുട്ടിക്കാലം മുതല്‍ക്കേ എനിക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു, അത് 'ദൈവത്തെ സേവിക്കുക' എന്നതായിരുന്നു". നിത്യജീവനെക്കുറിച്ചും നരകത്തെക്കുറിച്ചും സ്വര്‍ഗ്ഗത്തെക്കുറിച്ചും സുവിശേഷീകരണത്തിന്‍റെ ആവശ്യകതയെക്കുറിച്ചും സ്വപ്നങ്ങളിലൂടെയും ദര്‍ശനങ്ങളിലൂടെയും ദൈവം അദ്ദേഹവുമായി ഇടപെട്ടുകൊണ്ടിരിക്കുകയായിരുന്നു.
    തന്‍റെ പതിനഞ്ചാം വയസ്സില്‍ അദ്ദേഹം യേശുവിനെ തന്‍റെ സ്വന്തരക്ഷിതാവായി സ്വീകരിച്ചു. രക്ഷയുടെ അനുഭവത്തില്‍ വന്ന ശേഷം അദ്ദേഹം തന്‍റെ ഗ്രാമത്തിലെ സുഹൃദ്‌വലയങ്ങളിലും സമപ്രായക്കാരുടെ കൂട്ടങ്ങളിലും ബൈബിള്‍ ക്ലാസുകള്‍ നടത്താന്‍ തുടങ്ങി. തനിക്ക് പതിനെട്ടു വയസ്സായപ്പോള്‍ അദ്ദേഹം പരിശുദ്ധാത്മാവിനാല്‍ അഭിഷേകം പ്രാപിക്കുകയും മാതാപിതാക്കളുടെ സഹായത്തോടെ തന്‍റെ ഭവനത്തില്‍ ഒരു കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു. ദൈവത്തിന്‍റെ പദ്ധതി ആയതുകൊണ്ട് ആ കൂട്ടായ്മ വളരാന്‍ തുടങ്ങി. ഒരു സമയമായപ്പോള്‍ വിശ്വാസികള്‍ക്ക് ഇരിക്കാന്‍ സ്ഥലം തികയാതെ വരികയും അത് ഒരു താത്ക്കാലിക ഷെഡ്‌ നിര്‍മ്മിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുകയും ചെയ്തു. ഒരു താത്ക്കാലിക പ്രാര്‍ഥനാലയം നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന്‍റെ പിതാവ്‌ അദ്ദേഹത്തെ സഹായിച്ചു. അതായിരുന്നു ഒരു സ്വതന്ത്ര സുവിശേഷവേലയുടെ ആരംഭം.
വിദ്യാഭ്യാസവും ആദ്യകാല ജീവിതവും
തിരുവനന്തപുരം കോളെജ് ഓഫ് എഞ്ചിനീയറിംഗില്‍ ബി.ടെക് പഠന കാലഘട്ടത്തില്‍ കണ്‍വെന്‍ഷന്‍ പ്രസംഗങ്ങള്‍, തെരുവ് യോഗങ്ങള്‍‍, പ്രാര്‍ത്ഥനാ സെല്ലുകള്‍, സഭകളിലെ ഉണര്‍വ്വ്‌ യോഗങ്ങള്‍ മുതലായവയിലൂടെ അദ്ദേഹം വളരെയധികം സജീവമായി ക്രിസ്തീയവേലയില്‍ ഏര്‍പ്പെട്ടു. വളരെയധികം യുവാക്കള്‍ അദ്ദേഹത്തിന്‍റെ വേലയില്‍ അദ്ദേഹവുമായി ഒത്തുചേര്‍ന്നു. അങ്ങനെ ഗ്രേസ്‌ മിനിസ്ട്രീസ് ഓഫ് ഇന്ത്യ സ്ഥാപിതമാവുകയും അത് ഒരു ചാരിറ്റബിള്‍ സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.ടെക് പൂര്‍ത്തിയാക്കിയ അദ്ദേഹം അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എയും സോഷ്യോളജിയില്‍ എം.ഫിലും പൂര്‍ത്തിയാക്കി. അദ്ദേഹം വെയ്ല്‍സ് യൂണിവേഴ്സിറ്റി (യു.കെ.) യില്‍ നിന്നും തിയോളജിയില്‍ ബിരുദാനന്തരബിരുദം ബിരുദം കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ന്ന് "Education & Tribal Devolopment" എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിന് അദ്ദേഹത്തിന് ഡോക്ടറേറ്റ്‌ ബിരുദവും ലഭിച്ചു.
കുടുംബം
അദ്ദേഹം അഭിഷേക്, വിവേക്‌ എന്ന രണ്ട് മക്കളാല്‍ അനുഗ്രഹീതനാണ്. രണ്ടുപേരും കര്‍ത്താവായ യേശുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുകയും തങ്ങളുടെ ജീവിതങ്ങളെ ഭാരതത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ കര്‍ത്താവിന്‍റെ വേലയ്ക്കായി സമര്‍പ്പണം ചെയ്തവരുമാണ്. ജി.എം.ഐ.യുടെ ഓഫീസില്‍ ജോലി ചെയ്തുകൊണ്ട് അദ്ദേഹത്തിന്‍റെ ഭാര്യ മിനി അജിത്‌ മുഴുവന്‍ സമയ സുവിശേഷവേലയില്‍ ആയിരിക്കുന്നു.
കൃതികള്‍
അദ്ദേഹം എഴ് പുസ്തകങ്ങളുടെ രചയിതാവാണ്. "The Guruverse"(ക്രിസ്തുവിന്‍റെ പഠിപ്പിക്കലുകള്‍) എന്ന കൃതിയും "Church Planting & Church Growth in Rural India" എന്ന കൃതിയും വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ടവയും പ്രചുരപ്രചാരം ലഭിച്ചവയുമാണ്.
ദര്‍ശനം
അദ്ദേഹം വന്‍ യോഗങ്ങളില്‍ പ്രസംഗിക്കുന്ന പ്രഗത്ഭ പ്രാസംഗികന്‍ മാത്രമല്ല, ചെറിയ കൂട്ടങ്ങളില്‍ പഠിപ്പിക്കുന്ന ഒരു ബൈബിള്‍ അധ്യാപകന്‍ കൂടിയാണ്. "A Fuly Reached India with an indigenous Church in every village" എന്നതാണ് അദ്ദേഹത്തിന്‍റെ ദര്‍ശനം.
പ്രശസ്തമായ ഗാനങ്ങള്‍
Showing 1 items
TitleSong Embedded
Sort 
 
Sort 
 
TitleSong Embedded
ഇത്രത്തോളം യഹോവ സഹായിച്ചു Video 
Showing 1 items
Comments